ഫറോക്ക് | മേൽപാലത്തിൽ ഗർഡറുകൾ സ്ഥാപിക്കുന്നതിനുള്ള ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി ചെറുവണ്ണൂരിൽ പഴയ ദേശീയപാത അടച്ചു. മൂന്നു ദിവസത്തെ സമ്പൂർണ ഗതാഗത നിരോധനത്തിനായി ഇന്നലെ രാത്രി 10ന് ആണ് ചെറുവണ്ണൂർ ജംക്ഷനു സമീപം ബാരിക്കേഡുകൾ സ്ഥാപിച്ചത്. രണ്ടാംഘട്ട പ്രവൃത്തികൾക്കായി 12ന് രാത്രി 10 വരെയാണ് ചെറുവണ്ണൂർ വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചത്. ഗർഡറുകൾ തള്ളിനീക്കുന്ന ഗാൻട്രി ക്രെയിൻ കൊണ്ടുപോകുന്നതിനുള്ള റെയിൽ നിർമാണ ജോലികൾ പുരോഗമിക്കുകയാണ്. ഇതു പൂർത്തിയാകുന്നതോടെ ഇന്നു രാവിലെ മുതൽ പാലത്തിന്റെ തൂണുകളിൽ ഗർഡറുകൾ സ്ഥാപിച്ചു തുടങ്ങും.
കോഴിക്കോട്ടു നിന്നും രാമനാട്ടുകര, ഫറോക്ക് ഭാഗങ്ങളിൽ നിന്നും ചെറുവണ്ണൂരിലേക്ക് എത്തുന്ന വാഹനങ്ങൾ വിവിധ കേന്ദ്രങ്ങളിൽ നിന്നു ട്രാഫിക് പൊലീസ് വഴിതിരിച്ചു വിടുകയാണ്. ദീർഘദൂര വാഹനയാത്രക്കാർ പരമാവധി ദേശീയപാത 66 ഉപയോഗപ്പെടുത്തണമെന്നു പൊലീസ് അറിയിച്ചു.
വാഹനങ്ങൾ വഴി തിരിച്ചു വിടുന്നതിനാൽ ദേശീയപാതയിൽ പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ഉൾപ്പെടെയുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ട്രാഫിക് പൊലീസ് മുന്നൊരുക്കങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
പാലക്കാട്, തൃശൂർ ഭാഗങ്ങളിൽനിന്നു വരുന്ന ദീർഘദൂര ബസുകൾ രാമനാട്ടുകര ബസ് സ്റ്റാൻഡിൽ പ്രവേശിച്ച ശേഷം പന്തീരാങ്കാവ് ദേശീയപാത വഴിയാകും നഗരത്തിലേക്ക് കടക്കുക. മലപ്പുറം, മഞ്ചേരി, നിലമ്പൂർ, വേങ്ങര, തിരൂർ ഭാഗങ്ങളിൽ നിന്നുള്ള ബസുകൾ രാമനാട്ടുകര സ്റ്റാൻഡിൽ എത്തി എയർപോർട്ട് റോഡ് ജംക്ഷൻ–പന്തീരാങ്കാവ്–മാത്തറ–മാങ്കാവ് വഴി നഗരത്തിലേക്ക് പ്രവേശിക്കും. നഗരത്തിൽ നിന്ന് തിരികെ പോകുന്ന ബസുകൾ മീഞ്ചന്ത–അരീക്കാട്–ഒളവണ്ണ–പന്തീരാങ്കാവ്–രാമനാട്ടുകര സ്റ്റാൻഡ് വഴിയാകും സർവീസ്.
കടലുണ്ടി, ചാലിയം, കരുവൻതുരുത്തി, ഫറോക്ക്, ഫാറൂഖ് കോളജ്, കാരാട് ഭാഗങ്ങളിൽ നിന്നുള്ള സിറ്റി ബസുകൾ ചെയിൻ സർവീസായി കോയാസ് ജംക്ഷനിൽ സർവീസ് അവസാനിപ്പിച്ച് തിരിച്ചുള്ള യാത്ര അവിടെ നിന്നാരംഭിക്കും. നഗരത്തിൽ നിന്ന് ഫറോക്ക് ഭാഗത്തേക്ക് പോകുന്ന സിറ്റി ബസുകൾ ചെറുവണ്ണൂർ ജംക്ഷനിൽ യാത്ര അവസാനിപ്പിച്ച് തിരിച്ച് സിറ്റി സർവീസ് നടത്തും. ബേപ്പൂരിൽ നിന്നും പന്തീരാങ്കാവിൽ നിന്നും ഫറോക്കിലേക്ക് പോകുന്ന ബസുകൾ ചെറുവണ്ണൂർ ജംക്ഷനിൽ സർവീസ് അവസാനിപ്പിച്ചു തുടങ്ങും വിധത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
സ്ഥാപിക്കുന്നത് 18 ഗർഡറുകൾ
മേൽപാലത്തിന്റെ മധ്യഭാഗത്തായി ഇനി ആകെ 29 ഗർഡറുകളാണ് സ്ഥാപിക്കാനുള്ളത്. ഇതിൽ നിർമാണം പൂർത്തിയായ 18 ഗർഡറുകൾ 3 ദിവസം കൊണ്ടു സ്ഥാപിക്കും. നേരത്തെ സെപ്റ്റംബർ 21 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി 4 ദിവസം കൊണ്ടു 13 ഗർഡറുകൾ സ്ഥാപിച്ചിരുന്നു. അന്നു ഗാൻട്രി ക്രെയിൻ കേടായതിനെ തുടർന്നു മുടങ്ങിയ പ്രവൃത്തിയാണ് പുനരാരംഭിക്കുന്നത്. സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി 89 കോടി രൂപ ചെലവിട്ടാണ് ചെറുവണ്ണൂരിൽ മേൽപാലം നിർമിക്കുന്നത്. 700 മീറ്റർ നീളവും 16 മീറ്റർ വീതിയുമുള്ള നാലുവരി മേൽപാലത്തിന് 25 മീറ്റർ നീളത്തിൽ 14 സ്പാനുകളുണ്ടാകും. ഒരു സ്പാനിൽ 6 ഗർഡറുകൾ വീതം 84 എണ്ണമാണ് ആകെയുള്ളത്. ഇതിൽ മേൽപാലം ഉയരം കൂടിയ ഭാഗമായ ചെറുവണ്ണൂർ ജംക്ഷനിൽ ഉൾപ്പെടെയുള്ള 55 ഗർഡറുകൾ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്.

Post a Comment
Thanks