തിരൂർ: യാത്രക്കിടയിൽ സ്ത്രീകളുടെ ബാഗുകളിൽ നിന്ന് പേഴ്സും പണവും മോഷ്ടിച്ചു വന്ന യുവതി തിരൂർ പോലീസിന്റെ പിടിയിലായി. പെരുമ്പാവൂർ കുറുപ്പുംപടി സ്വദേശിനി ദേവിക സുധീഷിനെയാണ് (19) തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി തിരൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് യുവതിയെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട റെയിൽവേ പോലീസ് വിവരം തിരൂർ പോലീസിന് കൈമാറുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ തിരൂർ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. പിന്നീട് നടത്തിയ വിശദമായ പരിശോധനയിലാണ് യുവതിയുടെ കയ്യിലും താമസസ്ഥലത്തുനിന്നുമായി നിരവധി പേഴ്സുകൾ കണ്ടെടുത്തത്.
ആയുർവേദ ഉൽപന്നങ്ങൾ ഡോർ ടു ഡോർ വില്പന നടത്തുന്നതിന്റെ മറവിലാണ് ഇവർ തിരക്കുള്ള റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും എത്തിയിരുന്നത്. പുറകിലേക്ക് ഇട്ടുനടക്കുന്ന ബാഗുകളാണ് ഇവർ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. ആളുകളുടെ ശ്രദ്ധ തിരിക്കുന്ന സമയത്ത് ബാഗ് വിദഗ്ധമായി തുറന്ന് മോഷണം നടത്തുകയാണ് പതിവ്. സമാനമായ രീതിയിൽ പൊന്നാനിയിലും ഇവർക്കെതിരെ കേസ് നിലവിലുണ്ടെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോഴിക്കോട് ജയിലിലേക്ക് റിമാൻഡ് ചെയ്തു.
തിരൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. സബ് ഇൻസ്പെക്ടർമാരായ അനുഷ, മിഥുൻ, നസീർ തിരൂർക്കാട്, എ.എസ്.ഐ പ്രീത, ഹൈമാവതി, സി.പി.ഒമാരായ ഷെമിത് ലാൽ, ദൃശ്യ, പ്രിയങ്ക, ടോണി, അനന്തു, ഉണ്ണികുട്ടൻ, പ്രദീപ്, ആഷിഷ്, ദിൽജിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Post a Comment
Thanks