കോട്ടക്കൽ: തിരൂരങ്ങാടിയുടെ സമ്പന്നമായ സാംസ്കാരിക ചരിത്രം അക്ഷരങ്ങളിലൂടെ പകർത്തി ജില്ലാ തലത്തിൽ മികവിന്റെ ഒന്നാം സ്ഥാനം സ്വന്തമാക്കി തൃക്കുളം ഗവൺമെന്റ് ഹൈസ്കൂളിലെ വിദ്യാർത്ഥിനി ഇ.പി. ദേവനന്ദ. കേരള സ്കൂൾ ശാസ്ത്രോത്സവം 2026-27 മലപ്പുറം ജില്ലാ മത്സരത്തിൽ സോഷ്യൽ സയൻസ് വിഭാഗത്തിലെ ലോക്കൽ ഹിസ്റ്ററി റൈറ്റിംഗ് മത്സരത്തിലാണ് ദേവനന്ദയുടെ ശ്രദ്ധേയ നേട്ടം.
തിരൂരങ്ങാടിയുടെ ചരിത്രവും സാംസ്കാരിക പൈതൃകവും ആഴത്തിൽ പഠിച്ച് അവതരിപ്പിച്ച ദേവനന്ദ, 34 മത്സരാർത്ഥികൾ മാറ്റുരച്ച മത്സരത്തിൽ 10 പോയിന്റ് നേടി എ ഗ്രേഡോടെയാണ് ജില്ലയിൽ ഒന്നാമതെത്തിയത്. ചരിത്രപഠനത്തോടുള്ള താൽപര്യവും ഗവേഷണ മികവും മികച്ച രചനാശൈലിയും ഒത്തുചേർന്ന പ്രകടനമാണ് ദേവനന്ദയെ വിജയത്തിലേക്ക് നയിച്ചത്.
ചെമ്മാട് പരി റോഡ് സ്വദേശികളായ ഇ.പി. രാജേഷ് – ബിജിമോൾ ദമ്പതികളുടെ മകളാണ് ദേവനന്ദ. ആദ്യമായാണ് ദേവനന്ദ ജില്ലാ തലത്തിൽ മത്സരത്തിനെത്തുന്നത്. ആദ്യ മത്സരത്തിൽ തന്നെ ജില്ലയുടെ നെറുകയിലെത്താനായത് നേട്ടത്തിന്റെ മാറ്റുകൂട്ടുന്നു.
വിദ്യാർത്ഥിനിയുടെ ഈ ഉജ്ജ്വല വിജയത്തിൽ തൃക്കുളം ഗവൺമെന്റ് ഹൈസ്കൂൾ പി.ടി.എ കമ്മിറ്റി അഭിനന്ദനം അറിയിച്ചു. ദേവനന്ദയുടെ നേട്ടം സ്കൂളിനും നാടിനും ഒരുപോലെ അഭിമാനമായി.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment
Thanks