മലപ്പുറം: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി മലപ്പുറം ജില്ലാ മാനേജിംഗ് കമ്മിറ്റി പിരിച്ചുവിട്ട് ഭരണച്ചുമതല കേരള സംസ്ഥാന ബ്രാഞ്ചിന് കീഴിലുള്ള അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്ക് കൈമാറി. 2026 ഒക്ടോബർ 30-ന് പുറത്തിറക്കിയ IRCS/KSB/315/2026 നമ്പർ ഉത്തരവിലൂടെയാണ് നടപടി.
മലപ്പുറം ജില്ലാ കമ്മിറ്റിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പരാതികളും ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതുസംബന്ധിച്ച് സംസ്ഥാന ബ്രാഞ്ച് നൽകിയ കാരണം കാണിക്കൽ നോട്ടീസിന് ലഭിച്ച മറുപടി തൃപ്തികരമല്ലെന്ന് വിലയിരുത്തിയതായും ഉത്തരവിൽ വ്യക്തമാക്കുന്നു.
2026 ഒക്ടോബർ 29-ന് ചേർന്ന ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി സംസ്ഥാന മാനേജിംഗ് കമ്മിറ്റി യോഗം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ സാമ്പത്തികവും ഭരണപരവുമായ പ്രവർത്തനങ്ങൾ വിശദമായി പരിശോധിച്ച ശേഷമാണ് തീരുമാനമെടുത്തത്. ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനങ്ങളിൽ കണ്ടെത്തിയ അപാകതകളും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിഷയങ്ങളും പരിഗണിച്ചാണ് സംസ്ഥാന മാനേജിംഗ് കമ്മിറ്റി നേരിട്ട് ഭരണച്ചുമതല ഏറ്റെടുക്കാൻ തീരുമാനിച്ചത്.
ജില്ലയിലെ മാനുഷിക സേവന പ്രവർത്തനങ്ങളും ദൈനംദിന ഭരണനിർവഹണവും തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകുന്നതിനായി മാടമ്പറ്റി സത്യനാഥൻ, കെ.പി. ഹരിനാരായണൻ, ബേബി ടി. പോത്തൻ എന്നിവരെ ഉൾപ്പെടുത്തി പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
കൂടാതെ, മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള എല്ലാ ഔദ്യോഗിക രേഖകളും അക്കൗണ്ടുകളും ബാങ്ക് രേഖകളും മറ്റ് ഭരണപരമായ രേഖകളും പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്ക് കൈമാറണമെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.
ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ മാനുഷിക സേവന പ്രവർത്തനങ്ങളുടെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കുന്നതിനും സംഘടനയുടെ സാമ്പത്തികവും ഭരണപരവുമായ കാര്യങ്ങളിൽ ഉത്തരവാദിത്വം ശക്തിപ്പെടുത്തുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment
Thanks