ജപ്തി ഭീഷണിയെ തുടര്‍ന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവം; മൃതദേഹവുമായി ബാങ്കിന് മുന്നില്‍ പ്രതിഷേധം


കോഴിക്കോട് പേരാമ്പ്രയില്‍ ജപ്തി ഭീഷണിയെ തുടര്‍ന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ മരിച്ച കവിതയുടെ മൃതദേഹവുമായി ബാങ്കിന് മുന്നില്‍ നാട്ടുകാരുടെ പ്രതിഷേധം.


സൗത്ത് ഇന്ത്യന്‍ ബാങ്കിന് മുന്നിലാണ് നാട്ടുകാര്‍ പ്രതിഷേധിക്കുകയും റോഡ് ഉപേരാധിക്കുകയും ചെയ്യുന്നത്. മരിച്ച വീട്ടമ്മയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും അവരുടെ കടം പൂര്‍ണമായും എഴുതി തള്ളണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. റോഡില്‍ ഗതാഗതം തടസപ്പെട്ടതിന് പിന്നാലെ പൊലീസും പ്രതിഷേധക്കാരുമായി ഉന്തും തള്ളും ഉണ്ടായി. സമരക്കാരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതും കനത്ത പ്രതിഷേധത്തിന് കാരണമായി.


വായ്പ എടുത്ത പണം തിരിച്ചടയ്ക്കുക എന്നത് കവിതയുടെ കുടുംബത്തെ സംബന്ധിച്ച്‌ അസാധ്യമാണ്. കവിതയുടേത് കൊലപാതകാമാണെന്നും ബാങ്ക് ഇത്തരത്തില്‍ ഇടപെടാതിരുന്നെങ്കില്‍ വീട്ടമ്മ ജീവനൊടുക്കില്ലെന്നുമാണ് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. നരഹത്യയ്ക്ക് ബാങ്ക് അധികൃതര്‍ക്കെതിരെ കേസ് എടുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. കവിതയുടെ മൃതദേഹം ബാങ്കിന് മുന്നില്‍ ആംബുലന്‍സിലാണ് ഉള്ളത്. ബന്ധുക്കള്‍ ഉള്‍പ്പെടെ പ്രതിഷേധക്കാര്‍ക്കൊപ്പം നില ഉറപ്പിച്ചിട്ടുണ്ട്. ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്. നിലവില്‍ പെരാമ്പ്ര, ബാലുശേരി എംഎല്‍എമാര്‍ ബാങ്ക് അധികൃതരുമായി ചര്‍ച്ച നടത്തുകയാണ്. തങ്ങളുടെ ആവശ്യം അംഗീകരിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നാണ് നാട്ടുകാര്‍ വ്യക്തമാക്കുന്നത്.


ബാങ്കില്‍നിന്നും കവിത വീട് നിര്‍മാണത്തിനായി 26 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയ ലോണ്‍, പലിശയടക്കം 50 ലക്ഷത്തോള രൂപയായി ഉയര്‍ന്നിരുന്നു. ജപ്തി നടപടികള്‍ക്കായി ഇന്ന് വരുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചിരുന്നു. വടകര കൈനാട്ടിയില്‍ പെയിന്റ് കടയിലെ ജീവനക്കാരനായ ബാബുവിന്റെ ഭാര്യയാണ് പയ്യോളി സ്വദേശിനിയായ കവിത. രാവിലെ ബാങ്ക് അധികൃതര്‍, അഡ്വക്കറ്റ് കമ്മിഷന്‍, പൊലീസ് എന്നിവര്‍ ഇവരുടെ വീട്ടിലെത്തി ജപ്തി നടപടികള്‍ നടത്തുന്നതിനിടയില്‍ കവിതയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ താമസിക്കുന്ന വീടിനു പുറകിലായി പഴയ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Post a Comment

Thanks

أحدث أقدم