തിരുവനന്തപുരം: നിലവിലുള്ള ഭരണസമിതിയെ പൂർണ്ണമായും പിരിച്ചുവിട്ട് സംസ്ഥാന വഖഫ് ബോർഡ് സർക്കാർ പുനഃസംഘടിപ്പിച്ചു. മുസ്ലിം ലീഗ് നേതാവ് എം.സി. മായിൻ ഹാജിയാണ് വഖഫ് ബോർഡിന്റെ പുതിയ ചെയർമാൻ. വഖഫ് ബോർഡ് പുനഃസംഘടനയിലെ തർക്കങ്ങൾ പരിഹരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് പരിഗണിച്ചാണ് സർക്കാരിന്റെ അടിയന്തര നടപടി. സുപ്രീം കോടതിയിലും ഹൈക്കോടതിയിലും കേസ് നിലനിൽക്കുന്ന കാര്യം സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
എൽ.ഡി.എഫ് സർക്കാർ നിയമിച്ച കെ.എസ്. ഹംസ ചെയർമാനായ സമിതിയിലെ ഉമർ ഫൈസി മുക്കം ഉൾപ്പെടെയുള്ള മുഴുവൻ അംഗങ്ങളെയും മാറ്റിയാണ് പുതിയ ഒൻപതംഗ ഭരണസമിതി നിലവിൽ വന്നത്. നേരത്തെ നിരവധി തവണ വഖഫ് ബോർഡ് അംഗമായി പ്രവർത്തിച്ച വ്യക്തിയാണ് എം.സി. മായിൻ ഹാജി. പുതിയ ബോർഡിൽ അമുസ്ലിം അംഗങ്ങളെ നാമനിർദ്ദേശം ചെയ്തിട്ടില്ല. മുസ്ലിം വിഭാഗത്തിലെ എല്ലാ വിഭാഗങ്ങൾക്കും സമിതിയിൽ പ്രാതിനിധ്യം ലഭിച്ചിട്ടുണ്ട്.
പുതിയ വഖഫ് ബോർഡ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടവർ ഇവരാണ്.
കുറുക്കോളി മൊയ്തീൻ എം.എൽ.എ (എം.എൽ.എമാരുടെ പ്രതിനിധി), തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ( ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ), മുസ്തഫൽ ഫൈസി ( സമസ്ത) സജ്ന ഫിറോസ് (കോൺഗ്രസ്സ് ), ജസീം സബാഹ് (ജമാഅത്തെ ഇസ്ലാമി ), ഡോ. അബ്ദുൾ മജീദ് സ്വലാഹി (കെ.എൻ.എം), സിറാസ് ഡി. കാപ്സി (ശിയാ ) മദീന ബീഗം (സർക്കാർ പ്രതിനിധി) എന്നിവരാണ് മറ്റ് അംഗങ്ങൾ.
മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടും സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡ് അംഗവുമാണ് ചെയർമാനായി തെരഞ്ഞെടുത്ത എം.സി മാഹിൻ ഹാജി.
തുടർച്ചയായ 18 വർഷം സംസ്ഥാന വഖ്ഫ് ബോർഡിൽ മുത്തവല്ലി വിഭാഗത്തിൽ നിന്നുള്ള തിരഞ്ഞെടുത്ത അംഗമായിരുന്നു.
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എൻ്റർപ്രൈസസ് ചെയർമാൻ, കേരള സ്റ്റേറ്റ് വഖഫ് ബോർഡ് മെമ്പർ, കാലിക്കറ്റ് ഡെവലപ്മെൻറ് അതോറിറ്റി ചെയർമാൻ,
കേരള ഹാൻഡിക്രാഫ്റ്റ് കോർപ്പറേഷൻ ഡയറക്ടർ,
കേരള ടൂറിസം ഡെവലപ്മെൻറ് കോർപ്പറേഷൻ ഡയറക്ടർ,
കോഴിക്കോട് ജില്ലാ പഞ്ചായത്ത്
അംഗം, ചെറുവണ്ണൂർ - നല്ലളം ഗ്രാമപഞ്ചായത്ത് അംഗം, ജില്ലാ ആസൂത്രണ സമിതി അംഗം
എന്നീ പദവികളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
2001 ൽ ബേപ്പൂരിൽ നിന്നും 2006 ൽ തിരുവമ്പാടിയിൽ നിന്നും കേരള നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. കോഴിക്കോട് നല്ലളം ജുമുഅത്ത് പള്ളി പ്രസിഡണ്ടായ എം.സി.മായിൻ ഹാജി പൊതുരംഗത്ത് നിറഞ്ഞ് നിൽക്കുന്ന വ്യക്തിത്വമാണ്.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ

إرسال تعليق
Thanks