കെഎസ്ഇബി ചർച്ച നടത്തിയെങ്കിലും അനിശ്ചിതകാല സമരത്തിൽ നിന്ന് പിന്മാറാതെ കേരള മീറ്റർ റീഡേഴ്സ് യൂണിറ്റി. വേതന വര്‍ധനയ്ക്കായുളള സമരത്തില്‍ 400 ലധികം സെക്ഷനുകളില്‍ കെഎസ്‌ഇബി ബില്‍ വിതരണം മുടങ്ങിയെന്നാണ് വിവരം ഇപ്പോഴത്തെ സാഹചര്യത്തില്‍ വേതനം കൂട്ടാനാവില്ലെന്നാണ് ചര്‍ച്ച നടത്തിയ കെഎസ്‌ഇബി ഡയറക്ടര്‍മാരുടെ നിലപാട്. കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന 1800ഓളം മീറ്റര്‍ റീഡര്‍മാരാണ് ഈ മാസം ഒന്നു മുതല്‍ സമരം തുടങ്ങിയത്.
ഓരോ ഉപഭോക്താവിന്‍റെയും പരമാവധി വൈദ്യുതി ആവശ്യകത രേഖപ്പെടുത്തുക എന്ന അധിക ജോലിക്കുളള വേതനമാണ് ഒരു തര്‍ക്ക വിഷയം. 1.60 പൈസയാണ് കെഎസ്‌ഇബി വാഗ്ദാനം. സമരക്കാര്‍ മീറ്ററൊന്നിന് 20 രൂപ ചോദിക്കുന്നു. കാരണം രേഖപ്പെടുത്താൻ വേണ്ട സമയക്കൂടുതലും അതു മൂലം ഒരു ദിവസത്തെ വേതനം കുറയുന്നതുമാണ് ഒരു പ്രശ്നം. ഉയരത്തിലുള്ള മീറ്ററില്‍ നിന്ന് കൃത്യമായ റീഡിങ് എടുക്കുന്നതിലെ ബുദ്ധിമുട്ടാണ് രണ്ടാമത്തേത്.
റീഡിങ്ങിന് ഇപ്പോള്‍ മീറ്ററൊന്നിന് 5 രൂപ മുതല്‍ 13 വരെയാണ് വേതനം. രണ്ടു മാസത്തിലൊരിക്കലുള്ള മീറ്റര്‍ റീഡിങ്ങിന് വേതനം 50 ശതമാനം കൂട്ടണമെന്നാണ് ആവശ്യം. ടിഒഡി മീറ്റര്‍ റീഡിങ്ങിനുള്ള പ്രത്യേക വേതനം 1.60 പൈസയെന്നത് കൂട്ടണം. സോളാര്‍ റീഡിങ്ങിന് 9 റീഡിങ്ങ് എടുക്കുന്നവെങ്കിലും പ്രത്യേക വേതനവുമില്ല.
പരിശോധിക്കാൻ പോലും കെഎസ്‌ഇബി തയ്യറല്ലെന്നാണ് കേരള മീറ്റര്‍ റീഡേഴ്സ് യൂണിറ്റി പ്രസിഡന്‍റ് കണ്ണൻ തലവടി ആരോപിക്കുന്നത്. വേതന വര്‍ധന ഇപ്പോള്‍ കഴിയില്ലെന്ന് ചര്‍ച്ച നടത്തിയ ഡിസിട്ര്യൂബഷൻ, എച്ച് ആര്‍ ഡയറക്ടര്‍മാര്‍ സമരക്കാരെ അറിയിച്ചു. പരമാവധി വൈദ്യുതി ആവശ്യകത രേഖപ്പെടുത്താൻ അധിക വേതനം നല്‍കും. നിര്‍ദ്ദേശം സമരക്കാരുടെ പ്രതിനിധികള്‍ അംഗീകരിച്ചെന്ന് ഡയറക്ടര്‍മാര്‍ അവകാശപ്പെട്ടെങ്കിലും സമരത്തില്‍ പിന്നോട്ടില്ലെന്ന് കൂട്ടായ്മ അറിയിച്ചു. എന്നാല്‍ സമയത്ത് ബില്‍ നല്‍കാത്തത് കെഎസ്‌ഇബിക്കും ഉപഭോക്താക്കള്‍ക്കും നഷ്ടമുണ്ടാക്കും.
Post a Comment
Thanks