സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച പരാതികൾ: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി മലപ്പുറം ജില്ലാ ചെയർമാനെയും സെക്രട്ടറിയെയും സസ്പെൻഡ് ചെയ്തു


  തിരുവനന്തപുരം: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി മലപ്പുറം ജില്ലാ ബ്രാഞ്ചുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളും സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളും സംബന്ധിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ജില്ലാ ചെയർമാൻ ജി. മോഹൻ കുമാറിനെയും ജില്ലാ സെക്രട്ടറിയെയും ചുമതലകളിൽ നിന്ന് സസ്പെൻഡ് ചെയ്തതായി സംസ്ഥാന കമ്മിറ്റി അറിയിച്ചു. ജൂനിയർ റെഡ് ക്രോസ് (JRC) യൂണിഫോം വിതരണവുമായി ബന്ധപ്പെട്ട് ഏജൻസികൾക്ക് ലക്ഷക്കണക്കിന് രൂപയുടെ ഇടപാടിൽ ക്രമക്കേടുകൾ നടന്നതായി പരാതികളിൽ ആരോപണമുണ്ട്. 

കൂടാതെ, റെഡ് ക്രോസ് സൊസൈറ്റിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ജില്ലാ ചെയർമാൻ ജി. മോഹൻ കുമാറിന്റെയും ഓഫീസ് ജീവനക്കാരനായ വൈസിന്റെയും വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളിലേക്ക് തുകകൾ കൈമാറ്റം ചെയ്തതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടെന്നും സംസ്ഥാന കമ്മിറ്റി അറിയിച്ചു. മലപ്പുറം ജില്ലാ ബ്രാഞ്ചുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളിൽ നടത്തിയ അന്വേഷണത്തിൽ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സസ്പെൻഷൻ നടപടി സ്വീകരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. 


അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികളും ആവശ്യമായ നിയമനടപടികളും സ്വീകരിക്കുമെന്ന് സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി. സംഘടനയുടെ സാമ്പത്തിക സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനും പൊതുജന വിശ്വാസം സംരക്ഷിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

أحدث أقدم