തിരൂർ: പറവണ്ണയിൽ ബസ് തടഞ്ഞുനിർത്തി ജീവനക്കാർക്കും യാത്രക്കാർക്കും നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ച് മാരകമായി പരിക്കേൽപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. പറവണ്ണ ഉണ്ണിയപ്പന്റെ പുരക്കൽ റിൻഷാദ് (23) ആണ് പിടിയിലായത്.
കഴിഞ്ഞ മാസം 19-ാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന 'ബിഗ് ബോസ്' എന്ന ബസ്, സൈഡ് നൽകിയില്ല എന്ന് ആരോപിച്ചാണ് ആക്രമിക്കപ്പെട്ടത്. മദ്യലഹരിയിൽ ബൈക്കിലെത്തിയ മൂന്നു യുവാക്കൾ, ബ്ലോക്കിൽപെട്ട് നിർത്തിയിട്ടിരുന്ന ബസിനുള്ളിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. തുടർന്ന് ഡ്രൈവറുടെയും കണ്ടക്ടറുടെയും മുഖത്തേക്ക് പെപ്പർ സ്പ്രേ അടിക്കുകയും, ഇത് ബസിലുണ്ടായിരുന്ന പ്രായമായ സ്ത്രീകളുടെയും ചെറിയ കുട്ടികളുടെയും മുഖത്ത് പതിച്ച് അവർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു.
യാത്രക്കാരിയുടെ പരാതിയെ തുടർന്ന് തിരൂർ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഒളിവിലായിരുന്ന റിൻഷാദിനെ പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഈ കേസിൽ ഉൾപ്പെട്ട പറവണ്ണ കാഞ്ഞിരക്കുറ്റി സ്വദേശിയായ കോലോപ്പറമ്പത്ത് മുഹമ്മദ് ഹർഷ് (28) എന്നയാളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തിരൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ മിഥുനും സംഘവുമാണ് പ്രതിയെ പിടികൂടിയത്.

إرسال تعليق
Thanks