കസ്റ്റംസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് വിവാഹമോചിതരായ സ്ത്രീകളെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടി മലപ്പുറം സ്വദേശി പോലീസ് പിടിയിൽ


  മുക്കം : വ്യാജ മാട്രിമോണിയൽ പ്രൊഫൈലുകൾ വഴിയും സോഷ്യൽ മീഡിയ വഴിയും വിവാഹമോചിതരായ സ്ത്രീകളെ വലയിലാക്കി ലക്ഷങ്ങൾ തട്ടിയ യുവാവ് പോലീസ് പിടിയിൽ. മലപ്പുറം മക്കരപ്പറമ്പ് സ്വദേശി ഷിബിലി (30) ആണ് കോഴിക്കോട് മുക്കം പോലീസിന്റെ

പിടിയിലായത്. കേന്ദ്ര കസ്റ്റംസ് ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്.


കൊടിയത്തൂർ സ്വദേശിനിയായ വിവാഹമോചിതയായ സ്കൂൾ അധ്യാപിക നൽകിയ പരാതിയിലാണ് അറസ്റ്റ്. അധ്യാപികയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് ബിസിനസ് ആവശ്യങ്ങൾക്കെന്ന വ്യാജേന 4,85,000 രൂപയാണ് ഇയാൾ തട്ടിയെടുത്തത്. മാട്രിമോണിയൽ സൈറ്റുകളിലും സമൂഹമാധ്യമങ്ങളിലും കസ്റ്റംസ് ഉദ്യോഗസ്ഥനാണെന്ന് കാണിച്ച് വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയാണ് ഇയാൾ ഇരകളെ കണ്ടെത്തിയിരുന്നത്. പ്രധാനമായും വിവാഹമോചിതരായ സ്ത്രീകളെ ലക്ഷ്യമിട്ട് ബന്ധം സ്ഥാപിക്കുകയും, വിശ്വാസ്യത നേടിയെടുത്ത ശേഷം അത്യാവശ്യ ബിസിനസ് ആവശ്യങ്ങൾ ഉണ്ടെന്ന് പറഞ്ഞ് വലിയ തുകകൾ കൈക്കലാക്കി മുങ്ങുകയുമായിരുന്നു ഇയാളുടെ രീതി.


മഞ്ചേരിയിൽ രജിസ്റ്റർ ചെയ്ത മറ്റൊരു സമാന തട്ടിപ്പ് കേസിൽ അറസ്റ്റിലായി പെരിന്തൽമണ്ണ സബ് ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്ന പ്രതിയെ മുക്കം പോലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. വിവിധ പോലീസ് സ്റ്റേഷനുകളിലായി സമാനമായ നാലോളം

കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്. ഇതുവരെ സ്ത്രീകളിൽ നിന്നായി ഏകദേശം 85 ലക്ഷത്തോളം രൂപ ഇയാൾ തട്ടിയെടുത്തതായാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. കൂടുതൽ സ്ത്രീകളെ പ്രതി കബളിപ്പിച്ചിട്ടുണ്ടെന്ന നിഗമനത്തിൽ പോലീസ് സമഗ്രമായ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Post a Comment

Thanks

أحدث أقدم