സിജെപി പ്രതിഷേധം: ഡല്‍ഹിയില്‍ 'അപ്രഖ്യാപിത അടിയന്തരാവസ്ഥ'; മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു, ഇന്റര്‍നെറ്റിന് നിരോധനം; സുരക്ഷയ്ക്ക് കാല്‍ലക്ഷം പൊലീസ്


ന്യൂഡല്‍ഹി:  മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തെ നേരിടാനായി ജന്തര്‍മന്തറില്‍ വന്‍ സുരക്ഷ സന്നാഹങ്ങളുമായി കേന്ദ്രസര്‍ക്കാരും ഡല്‍ഹി പൊലീസും. ട്രെയിനും മെട്രോയും അടക്കം വിലക്കി ഡല്‍ഹി നഗരം പൂര്‍ണമായി അടച്ചിടാനുള്ള ശ്രമത്തെ ' അപ്രഖ്യാപിത അടിയന്തരാവസ്ഥ' എന്നാണ് സിജെപി വിശേഷിപ്പിച്ചിരിക്കുന്നത്.


കേന്ദ്ര സായുധ പൊലീസ് വിഭാഗത്തിലെ 23,000 പേരെയാണ് ഡല്‍ഹിയിലേക്ക് അധികമായി കൊണ്ടുവന്നിരിക്കുന്നത്. നിലവിലുള്ള 2000 പൊലീസ് അടക്കം ആകെയുള്ള അംഗബലം 25,000 ആകും. പത്തുമണിയോടെ ജന്തര്‍മന്തറില്‍ എത്താനാണ് സിജെപി ആഹ്വാനം ചെയ്തിരിക്കുന്നത്. സമരത്തില്‍ പരമാവധി ആളുകളെ എഎപിയും രംഗത്തിറക്കും. പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള പ്രതിപക്ഷ നേതാക്കള്‍ ജന്തര്‍മന്തറില്‍ എത്തും.


ജന്തര്‍ മന്തറില്‍ ഇന്റര്‍നെറ്റിന് നിരോധനം ഏര്‍പ്പെടുത്തി.. വെള്ളിയാഴ്ച രാത്രി പത്തുമണി മുതല്‍ 24 മണിക്കൂര്‍ നേരത്തേക്കാണ് ഇന്റര്‍നെറ്റ് സസ്‌പെന്‍ഡ് ചെയ്യുന്നത്. ജന്‍പഥ് -കര്‍തവ്യപഥില്‍നിന്ന് നാലുകിലോമീറ്റര്‍ ചുറ്റളവില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെക്കാനാണ് ഡല്‍ഹി പൊലീസ് മൊബൈല്‍ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുള്ളത്.


സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി, സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യുന്നതിനും അതീവ ശ്രദ്ധ ആവശ്യമുള്ള പ്രദേശങ്ങളിലെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിന് ഡല്‍ഹി പൊലീസ് ന്യൂഡല്‍ഹിയെ 20 മേഖലകളായി തിരിച്ചിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. സുരക്ഷാ നടപടികളുടെ ഭാഗമായി ന്യൂഡല്‍ഹി, സെന്‍ട്രല്‍ ഡല്‍ഹി, നോര്‍ത്ത് ഡല്‍ഹി ജില്ലകളിലെ പ്രധാന സ്ഥലങ്ങളില്‍ കൂടുതല്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.


അതേസമയം, രാജ്യത്തെ വോട്ട് ചോരിയില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യാ സഖ്യനേതാക്കള്‍. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനത്തുനിന്ന് ഗ്യാനേഷ് കുമാറിനെ മാറ്റണമെന്നാവശ്യപ്പെട്ട് നിവേദനവും നല്‍കി. രാജ്യത്ത് നീതിപൂര്‍വമല്ല തെരഞ്ഞെടുപ്പ് നടക്കുന്നതെന്ന ആരോപണത്തോട് രാഷ്ട്രപതി യോജിച്ചുവെന്നും കൂടുതല്‍ തെളിവുതേടിയെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണം രാഷ്ട്രപതിയുടെ ഓഫിസ് തള്ളി.

Post a Comment

Thanks

Previous Post Next Post