തിരൂരങ്ങാടി വില്ലേജ് ഓഫീസും ഇനി സ്മാർട്ട്; മന്ത്രി അനിൽ കുമാർ ഉദ്ഘാടനം ചെയ്തു


തിരൂരങ്ങാടി:ഭരണസേവനങ്ങൾ കൂടുതൽ കാര്യക്ഷമവും ജനസൗഹൃദവുമാക്കുന്നതിന്റെ ഭാഗമായി തിരൂരങ്ങാടി വില്ലേജ് ഓഫീസും സ്മാർട്ട് സംവിധാനത്തിലേക്ക്. ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി എ പി അനിൽകുമാർ നിർവഹിച്ചു.


സർക്കാർ ഓഫീസുകളിൽ ജനങ്ങൾക്ക് നിരന്തരം കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാക്കി, ആവശ്യമായ സേവനങ്ങൾ വേഗത്തിലും സുതാര്യമായും ലഭ്യമാക്കണമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. തിരൂരങ്ങാടിയിൽ രണ്ട് വില്ലേജ് ഓഫീസുകൾ വേണമെന്ന ആവശ്യം വില്ലേജ് പുനഃക്രമീകരണത്തിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.


വില്ലേജ് ഓഫീസുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം സേവനങ്ങൾ വേഗത്തിലും സുതാര്യമായും കടലാസ് രഹിതമായും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്മാർട്ട് വില്ലേജ് ഓഫീസ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന സർക്കാറിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി പൂർത്തീകരിച്ചത്.


തിരൂരങ്ങാടി എം.എൽ.എ. പി.എം.എ. സമീർ അധ്യക്ഷത വഹിച്ചു. എ.ഡി.എം. പി.ഒ. സാദിഖ് സ്വാഗതം പറഞ്ഞു. ചടങ്ങിൽ സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കിയ ജില്ലാ നിർമിതി കേന്ദ്രം പ്രോജക്ട് മാനേജർ കെ.ആർ. ബീനയെയും കരാറുകാരനെയും ചടങ്ങിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു.



തിരൂരങ്ങാടി നഗരസഭാ ചെയർപേഴ്സൺ സി.പി. ഹബീബ ബഷീർ, വൈസ് ചെയർപേഴ്സൺ എം. അബ്ദുറഹിമാൻകുട്ടി, തിരൂർ റവന്യൂ ഡിവിഷണൽ ഓഫീസർ പി. അൻവർ സാദത്ത്, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. ബഷീർ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഷാഹിന തിരുനിലത്ത്, ഇഖ്ബാൽ കല്ലുങ്ങൽ , സി.പി. സുഹറാബി, വി.വി.അബു, ഡിവിഷൻ കൗൺസിലർ അയ്യൂബ് തലാപ്പിൽ , തഹസിൽദാർ ബിനീഷ് ,വ വില്ലേജ് ഓഫീസർ പ്രവീൺ കുമാർ ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,   തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ബ്ലോക്ക് റോഡ് പരിസരത്ത് നിന്നും ഘോഷയാത്രയും നടന്നു.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

Previous Post Next Post