വഴിയിൽ നിന്ന് കിട്ടിയത് 28 ലക്ഷത്തിന്റെ സ്വർണം; മാതൃകയായി നഗരസഭാ ജീവനക്കാരൻ


മഞ്ചേരി: റോഡ് വൃത്തിയാക്കുന്നതിനിടെ ലഭിച്ച 25 പവനോളം വരുന്ന സ്വർണാഭരണങ്ങൾ ഉടമസ്ഥന് തിരികെ നൽകി മഞ്ചേരി നഗരസഭയിലെ ശുചീകരണ വിഭാഗം ജീവനക്കാരൻ പൂക്കോട്ടൂർ സ്വദേശിയായ കൃഷ്ണൻകുട്ടിയാണ് മാതൃകയായി. വിപണിയിൽ ഏകദേശം 28 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വർണമാണ് കൃഷ്ണൻകുട്ടിയുടെ സത്യസന്ധത മൂലം ഉടമയ്ക്ക് തിരികെ ലഭിച്ചത്.


കിഴിശ്ശേരിയിലെ തൗഫീഖ് ജ്വല്ലറിയിൽ നിന്നും സ്വർണം ഉരുക്കുന്നതിനായി മഞ്ചേരിയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് ജ്വല്ലറി ജീവനക്കാരന്റെ കൈയിൽ നിന്നും സ്വർണം അടങ്ങിയ പാക്കറ്റ് നഷ്ടപ്പെട്ടത്. അഞ്ച് മാലകൾ, മൂന്ന് പാദസരങ്ങൾ, മൂന്ന് കൈച്ചെയിനുകൾ, നാല് ലോക്കറ്റുകൾ, മോതിരം, നാല് വളകൾ, രണ്ട് കമ്മലുകൾ എന്നിവ ഉരുക്കിയ നിലയിലായിരുന്നു കവറിലുണ്ടായിരുന്നത്.


മഞ്ചേരി സെൻട്രൽ ജംഗ്ഷൻ വൃത്തിയാക്കുന്നതിനിടെ സിഗ്നൽ ലൈറ്റിന്റെ തൂണിന് ചുവട്ടിൽ നിന്നാണ് കൃഷ്ണൻകുട്ടിക്ക് കറുത്ത കവറിൽ കെട്ടിയ നിലയിൽ സ്വർണം ലഭിച്ചത്. കറുത്ത നിറത്തിലായിരുന്നെങ്കിലും പാക്കറ്റിലുള്ളത് സ്വർണമാണെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം ഉടൻ തന്നെ നഗരസഭയിലെ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്വർണമാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ജ്വല്ലറി ഉടമകളെ ബന്ധപ്പെട്ടത്.


നഗരസഭാ കാര്യാലയത്തിൽ വെച്ച് നഗരസഭാ ചെയർപേഴ്സന്റെയും മറ്റ് ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ കൃഷ്ണൻകുട്ടി സ്വർണം ജ്വല്ലറി മാനേജിങ് ഡയറക്ടർക്ക് കൈമാറി.

Post a Comment

Thanks

Previous Post Next Post