വള്ളിക്കുന്ന്: പരപ്പനങ്ങാടി–കടലുണ്ടി റോഡിൽ ചെട്ടിപ്പടി ഹെൽത്ത് സെന്ററിന് സമീപം പൊതുമരാമത്ത് റോഡിന്റെ വശങ്ങളിൽ മാസങ്ങളായി മുറിച്ചിട്ട മരങ്ങൾ നീക്കം ചെയ്യാത്തത് യാത്രക്കാർക്കും വാഹനങ്ങൾക്കും അപകടഭീഷണി ഉയർത്തുന്നതായി പരാതി.
തിരൂർ–കടലുണ്ടി സംസ്ഥാനപാതയിൽ റോഡരികിൽ കൂട്ടിയിട്ടിരിക്കുന്ന മരത്തടികളും ശിഖരങ്ങളും വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തിന് തടസ്സമാകുന്നതിനൊപ്പം എതിർദിശയിൽ നിന്നെത്തുന്ന വാഹനങ്ങളുടെ കാഴ്ച മറയ്ക്കുന്നതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കാൽനടയാത്രക്കാർക്കും ഇത് ദുരിതം സൃഷ്ടിക്കുന്നുണ്ട്.
മാസങ്ങൾ പിന്നിട്ടിട്ടും റോഡരികിൽ നിന്ന് മുറിച്ചിട്ട മരങ്ങൾ നീക്കം ചെയ്യാത്തത് അപകടങ്ങൾക്ക് കാരണമാകാനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ സൊസൈറ്റി (MAPS) ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ റഹിം പൂക്കത്ത്, പി.പി. സുബൈർ, നിയാസ് അഞ്ചപ്പുര എന്നിവരുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പിന് നിവേദനം നൽകി.
റോഡരികിൽ കൂട്ടിയിട്ടിരിക്കുന്ന മരങ്ങളും മറ്റ് തടസ്സങ്ങളും അടിയന്തരമായി സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റണമെന്നും, പൊതുജനങ്ങളുടെയും വാഹനങ്ങളുടെയും സുഗമമായ സഞ്ചാരത്തിന് തടസ്സമാകുന്ന സാഹചര്യം ഒഴിവാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
ഫോട്ടോ: പൊതുമരാമത്ത് റോഡരികിൽ കൂട്ടിയിട്ടിരിക്കുന്ന മുറിച്ചിട്ട മരങ്ങൾ.

Post a Comment
Thanks