തിരൂരങ്ങാടി നഗരസഭയിലെ വാർഡ് ഒന്ന്, രണ്ട് പ്രദേശങ്ങളിലുൾപ്പെടുന്ന വടക്കെമമ്പുറത്ത് തെരുവ് നായ ശല്യം വീണ്ടും രൂക്ഷമാകുന്നു. രാത്രി വീട്ടിലെ സ്റ്റെപ്പിൽ കയറി നിന്ന വെളുത്ത നിറമുള്ള തെരുവ് നായ കുട്ടിയെയും ഉമ്മയെയും കടിച്ചു പരിക്കേൽപ്പിച്ചു. രാത്രി 8:30-ഓടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
പരിക്കേറ്റവരെ ഉടൻ തന്നെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു.
പ്രദേശത്ത് തെരുവ് നായ ആക്രമണം പതിവാകുന്നതിൽ നാട്ടുകാർ കടുത്ത ആശങ്കയിലാണ്. മുൻപും ഈ പ്രദേശത്ത് തെരുവ് നായയുടെ ആക്രമണത്തിൽ ഒരു കുട്ടിയുടെ ചെവി കടിച്ചുപറിച്ച ദാരുണ സംഭവമുണ്ടായിട്ടുണ്ട്.
നായ ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നഗരസഭയും സ്വീകരിക്കുന്ന അനങ്ങാപ്പാറ നയത്തിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുകയാണ്. പ്രത്യേകിച്ച് മദ്രസകളിലേക്കും സ്‌കൂളുകളിലേക്കും പോകുന്ന വിദ്യാർത്ഥികളുടെ കാര്യത്തിൽ രക്ഷിതാക്കൾ അതീവ ജാഗ്രത പാലിക്കണമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി.
കുട്ടികൾ ഒറ്റയ്ക്ക് വഴികളിലൂടെ യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും, വിഷയത്തിൽ നഗരസഭയുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും പ്രദേശവാസികൾ.

Post a Comment
Thanks