മേൽപ്പാലം റോഡ് തകർച്ച ശാശ്വത പരിഹാരത്തിനായി ഇന്റർലോക്ക് പതിക്കാൻ ഡി.പി.ആർ തയ്യാറാക്കുന്നു.
പരപ്പനങ്ങാടി: പരപ്പനങ്ങാടി–കടലുണ്ടി റോഡിൽ മേൽപ്പാലം ഇറങ്ങുന്ന അഞ്ചപ്പുര ഭാഗത്ത് കുണ്ടും കുഴിയും വെള്ളക്കെട്ടും രൂപപ്പെട്ടതിനെ തുടർന്ന് ഉയർന്ന മാപ്സ് പരാതിയിൽ നടപടി. പൊതുമരാമത്ത് റോഡ്സ് ബ്രിഡ്ജസ് വിഭാഗം കുഴികൾ താൽക്കാലികമായി സിമൻറ്ും ഷെൽമെറ്റ് ഉപയോഗിച്ച് അടയ്ക്കുകയും പ്രദേശത്ത് ഇന്റർലോക്ക് പതിക്കുന്നതിനായി ഡി.പി.ആർ (Detailed Project Report) തയ്യാറാക്കുകയും ചെയ്യുന്നതായി അറിയിച്ചു.
മേൽപ്പാലം ഇറങ്ങുന്ന ഭാഗത്ത് വലിയ കുഴികൾ രൂപപ്പെട്ടതും മഴവെള്ളം കെട്ടിനിന്നതും ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് അപകടഭീഷണി സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാട്ടി മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ സൊസൈറ്റി (MAPS) പൊതുമരാമത്ത് വകുപ്പിന് പരാതി നൽകുകയും സിറാജ് വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
മാപ്സ് പരാതിയുടെയും സിറാജ് വാർത്തയുടെയും അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് ബ്രിഡ്ജസ് അസിസ്റ്റന്റ് എൻജിനീയർ മാപ്സ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് തിരൂരങ്ങാടിയെ വിവരം അറിയിച്ചു. നിലവിൽ കുഴികൾ താൽക്കാലികമായി കോൺക്രീറ്റും , ഷെൽമെറ്റ് ഉപയോഗിച്ച് അടച്ച് ഗതാഗതത്തിന് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്.
അതേസമയം, പ്രശ്നത്തിന് സ്ഥിരപരിഹാരം കാണുന്നതിനായി മേൽപ്പാലം ഇറങ്ങുന്ന ഭാഗത്ത് ഇന്റർലോക്ക് പതിക്കുന്നതിനുള്ള ഡി.പി.ആർ തയ്യാറാക്കുന്ന നടപടിയും പുരോഗമിക്കുകയാണ്. പദ്ധതി നടപ്പിലാകുന്നതോടെ മഴക്കാലത്ത് വെള്ളക്കെട്ടും കുഴികളും രൂപപ്പെടുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി താൽക്കാലിക അറ്റകുറ്റപ്പണികൾക്കൊപ്പം സ്ഥിരപരിഹാര നടപടികളും വേഗത്തിലാക്കണമെന്ന് മാപ്സ് മുഖ്യരക്ഷാധികാരി അഡ്വക്കറ്റ് പൗരൻ, അഷ്റഫ് മനരിക്കൽ, നിയാസ് അഞ്ചപ്പുര, പി പി സുബൈർ എന്നിവർ സംയുക്തമായി ആവശ്യപ്പെട്ടു.
ഫോട്ടോ :- മേൽപ്പാലം ഇറങ്ങുന്ന ഭാഗത്ത് രാത്രി കുഴികൾ അടക്കുന്ന ജോലിക്കാർ

Post a Comment
Thanks