അപകടങ്ങൾ പതിവായി; ആനങ്ങാടി–അത്താണിക്കൽ റോഡിലെ കച്ചേരിക്കുന്ന് കയറ്റം അപകടക്കെണി



വള്ളിക്കുന്ന്: ഡ്രൈവർമാരുടെ കാഴ്ച മറയുന്ന കുത്തനെയുള്ള വളവും കയറ്റവും മൂലം ആനങ്ങാടി–അത്താണിക്കൽ റോഡിലെ കച്ചേരിക്കുന്ന് ഭാഗത്ത് അപകടങ്ങൾ പതിവാകുന്നതായി പരാതി. റോഡിന്റെ സുരക്ഷാ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ സൊസൈറ്റി (MAPS) പൊതുമരാമത്ത് വകുപ്പിന് പരാതി നൽകി.

ഇന്നലെ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ചരക്ക് ലോറി കച്ചേരിക്കുന്ന് കയറ്റത്തിലെത്തിയപ്പോൾ മുന്നിൽ വാഹനം നിർത്തിയിരുന്നത് ഡ്രൈവർക്ക് യഥാസമയം കാണാൻ സാധിക്കാതെ വന്നതും, അതേസമയം എതിർദിശയിൽ എത്തിയ വാഹനം ശ്രദ്ധയിൽപ്പെടാതെ പോയതു ട്രാക്ക്  അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ പറയുന്നു. നിയന്ത്രണം നഷ്ടപ്പെട്ട ലോറി റോഡരികിലേക്ക് ഇടിച്ചുകയറി അപകടത്തിൽപ്പെടുകയായിരുന്നു.

കയറ്റവും വളവും മൂലം എതിർദിശയിൽ നിന്നുള്ള വാഹനങ്ങൾ പരസ്പരം കൃത്യമായി കാണാൻ കഴിയാത്ത സാഹചര്യമാണുള്ളത്. റോഡരികിലെ മരങ്ങളും മറ്റ് തടസ്സങ്ങളും കാഴ്ച കൂടുതൽ പരിമിതപ്പെടുത്തുന്നതായും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. അപകടസാധ്യത കുറയ്ക്കുന്നതിനായി ആവശ്യമായ മുന്നറിയിപ്പ് ബോർഡുകൾ, റോഡ് സുരക്ഷാ സംവിധാനങ്ങൾ, കാഴ്ച മറയ്ക്കുന്ന തടസ്സങ്ങൾ നീക്കം ചെയ്യൽ തുടങ്ങിയ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നാണ് ആവശ്യം.

MAPS ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് (തിരൂരങ്ങാടി), പി.പി. സുബൈർ, നിയാസ് അഞ്ചപ്പുര എന്നിവരുടെ നേതൃത്വത്തിലാണ് പൊതുമരാമത്ത് വകുപ്പിന് പരാതി നൽകിയത്.

അപകടങ്ങൾ ആവർത്തിക്കുന്നതിന് മുമ്പ് കച്ചേരിക്കുന്ന് ഭാഗത്ത് അടിയന്തര റോഡ് സുരക്ഷാ പരിശോധന നടത്തി ആവശ്യമായ ശാസ്ത്രീയ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നാണ് മാപ്‌സിന്റെ ആവശ്യം.


ഫോട്ടോ :- അത്താണിക്കൽ കയറ്റം തുടങ്ങുന്ന ഭാഗത്ത് ട്രാക്ക് അപകടത്തിൽ ചരിഞ്ഞ നിലയിൽ

Post a Comment

Thanks

Previous Post Next Post