തിരൂരങ്ങാടി: അപകട ഭീഷണിയിലായിരുന്ന ചെമ്മാട് പൈതൃക മ്യൂസിയം - പോസ്റ്റ് ഓഫീസ് റോഡിന്റെ പുനർനിർമാണം ആരംഭിച്ചു. പ്രൈതൃക മ്യൂസിയം വളപ്പിലെ പഴയ കിണറിന് മുകളിൽ രണ്ട് മീറ്ററോളം വീതിയിൽ കോൺക്രീറ്റ് സ്ലാബിട്ട് നിർമ്മിച്ച റോഡിൽ ഗുരുതരമായ വിള്ളലുകൾ രൂപപ്പെട്ടത് വൻ അപകടഭീഷണി ഉയർത്തിയിരുന്നു.
ജില്ലാ പൈതൃക മ്യൂസിയമായ ഹജൂർ കച്ചേരി വളപ്പിലെ 40 മീറ്ററോളം താഴ്ചയുള്ള കിണറിന് മുകളിലൂടെയാണ് ഈ റോഡ് കടന്നുപോകുന്നത്. ചെമ്മാട് ടൗണിൽ നിന്ന് താലൂക്ക് ഓഫീസ്, പോസ്റ്റ് ഓഫീസ്, സലഫി മസ്ജിദ്, പബ്ലിക് ലൈബ്രറി, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലേക്ക് ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളും സ്കൂൾ കുട്ടികളടക്കമുള്ള കാൽനടയാത്രക്കാരും ആശ്രയിക്കുന്ന പ്രധാന എളുപ്പവഴിയാണിത്. റോഡിന്റെ അപകടാവസ്ഥ സംബന്ധിച്ച് `മൂന്നിയൂർ വാർത്ത' നേരത്തെ വാർത്ത നൽകിയിരുന്നു.
റോഡിന്റെ തകർച്ച പരിഹരിക്കണമെന്നും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ.എഫ്.പി.ആർ) തിരൂരങ്ങാടി താലൂക്ക് കമ്മിറ്റി ഭാരവാഹികളായ അറഫാത്ത് പാറപ്പുറം, അഷ്റഫ് കളത്തിങ്ങൽ പാറ, നൗഷാദ് സിറ്റി പാർക്ക് എന്നിവർ അധികൃതർക്ക് പരാതി നൽകിയിരുന്നു. തുടർന്നാണ് ഇപ്പോൾ റോഡിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചിട്ടുള്ളത്. റിപ്പയറിംഗ് പൂർത്തിയാകുന്നതോടെ പ്രദേശത്തെ യാത്രാദുരിതത്തിനും അപകടസാധ്യതയ്ക്കും ശാശ്വത പരിഹാരമാകും.

Post a Comment
Thanks