വണ്ടൂരിന്റെ നോവായി റഫീഖും സജാദും: കാലിലെ പരുക്കുകാരണം ഓടാനായില്ല; സജാദിനെ മലവെള്ളം കൊണ്ടുപോയി


വണ്ടൂർ |   കോട്ടപ്പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപെട്ടു മരിച്ച വണ്ടൂർ സ്വദേശികളായ ചെട്ടിയാറമ്മൽ കുറുപ്പത്ത് റഫീഖിനും (42) പോരൂർ കോട്ടക്കുന്ന് കുപ്പനത്ത് സജാദിനും (22) നാട് കണ്ണീരോടെ വിട നൽകി. ഇന്നലെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഇരുവരുടെയും മൃതദേഹം വീടുകളിൽ എത്തിച്ചപ്പോൾ നൂറുകണക്കിന് ആളുകൾ അന്ത്യോപചാരമർപ്പിക്കാനെത്തി. മുഖ്യമന്ത്രി വി.ഡി.സതീശൻ, മന്ത്രിമാരായ എ.പി.അനി‍ൽകുമാർ, പി.കെ.ബഷീർ എന്നിവരും മറ്റു ജനപ്രതിനിധികളും ഇരുവരുടെയും വീടുകളിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.


ഡ്രൈവറായി ജോലി നോക്കിയിരുന്ന സജാദിനു കഴിഞ്ഞ വർഷമുണ്ടായ അപകടത്തിൽ സാരമായി പരുക്കേറ്റിരുന്നു. നീണ്ട ചികിത്സകൾക്കു ശേഷമാണു വീണ്ടും ജോലിക്കു പോയിത്തുടങ്ങിയത്. ഞായറാഴ്ച ബന്ധു ഫർഹാന്റെയും വണ്ടൂരിലെ 3 സുഹൃത്തുകളുടെയും ഒപ്പം മറ്റൊരു ചടങ്ങിൽ പങ്കെടുക്കാനാണു വീട്ടിൽ നിന്നിറങ്ങിയത്. ഉച്ചകഴിഞ്ഞു ബൈക്കുകളിലാണ് ഇവർ ടികെ കോളനിയിലെ കോട്ടപ്പുഴയിലെത്തിയത്. പുഴയിൽ കുളിക്കുന്നതിനിടെയാണ് ഒഴുക്കിൽ പെട്ടത്. ഫർഹാനും പുഴയിലിറങ്ങിയിരുന്നെങ്കിലും പെട്ടെന്നു കരയ്ക്കു കയറാനായി. സജാദ് ഒഴുകിപ്പോയ വിവരം കൂട്ടുകാർ ഉടൻ നാട്ടുകാരെ അറിയിച്ചു തിരച്ചിൽ തുടങ്ങിയിരുന്നു. ഇന്നലെ രാവിലെയാണു മൃതദേഹം കിട്ടിയത്.


ഓട്ടോറിക്ഷ ഡ്രൈവറായ ചെട്ടിയാറമ്മൽ കുറുപ്പത്ത് റഫീഖ് സുഹൃത്തുക്കളായ മിർഷാദ്, ഫിറോസ്, സുഭാഷ്, കുഞ്ഞാണി എന്നിവർക്കൊപ്പമാണു ടികെ കോളനിയിലെ കോട്ടപ്പുഴയിൽ എത്തിയത്. ഓട്ടോറിക്ഷയിലാണ് ഇവർ പോയത്. റഫീഖും മിർഷാദും ഫിറോസും പുഴയുടെ നടുക്കുള്ള പാറപ്പുറത്ത് നിൽക്കുമ്പോഴാണ് ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായത്. മൂന്നുപേരും ഒഴുക്കിൽപെടുന്നത് കരയിൽ നിന്ന സുഭാഷിനും കുഞ്ഞാണിക്കും നിസ്സഹായരായി കണ്ടുനിൽക്കേണ്ടിവന്നു. മിർഷാദും ഫിറോസും അദ്ഭൂതകരമായി രക്ഷപ്പെട്ടെങ്കിലും റഫീഖ് ഒഴുക്കിൽപെട്ടു. ഇന്നലെ പുലർച്ചെയാണ് റഫീഖിന്റെ മൃതദേഹം കിട്ടിയത്.


പൂക്കോട്ടുപാടം ∙ മലവെള്ളം ഇരച്ചെത്തുന്നതു കണ്ട് കൂട്ടുകാർ ഓടി. മുൻപ് ഒരു അപകടത്തിൽ കാലിനേറ്റ പരുക്ക് കാരണം വേഗത്തിൽ ഓടാനാകാതെ പോയ സജാദിനെ മലവെള്ളം കൊണ്ടുപോയി. ആ സങ്കടക്കടലിലാണ് കൂട്ടുകാരും ബന്ധുക്കളും. ഫാമിൽനിന്ന് കടകളിലേക്ക് കോഴികളെ എത്തിച്ചുകൊടുക്കുന്ന വണ്ടിയുടെ ഡ്രൈവർ ആയിരുന്നു വണ്ടൂർ കോട്ടക്കുന്ന് കുപ്പനത്ത് സജാദ് (21). ഒരു വർഷം മുൻപ് രാത്രിയിൽ വണ്ടി നിയന്ത്രണംവിട്ട് മരത്തിലിടിച്ചാണ് അപകടമുണ്ടായത്. കാലിന് പൊട്ടലുണ്ടായതിനെത്തുടർന്ന് ശസ്ത്രക്രിയ ചെയ്ത് കമ്പിയിട്ടു. കുറച്ചുകാലത്തെ ചികിത്സയ്ക്കു ശേഷമാണ് സുഖപ്പെട്ടത്. എന്നാൽ വണ്ടിയോടിക്കാൻ പറ്റാതായി. മറ്റൊരാളെ വച്ച് വണ്ടിയോടിച്ചാണ് ഇപ്പോഴും ജോലി തുടർന്നിരുന്നത്. 4 കൂട്ടുകാർക്കൊപ്പമാണ് ടികെ കോളനിയിലേക്ക് കുളിക്കാനായി പോയത്. അവനു മാത്രം മടങ്ങിവരാനായില്ലെന്നും ബന്ധുവായ ഹംസ പറഞ്ഞു.


 മലവെള്ളപ്പാച്ചിലിൽ ദുരന്തമുണ്ടായിടത്തു പ്രിയങ്ക ഗാന്ധി എംപി നാളെയെത്തും. ഇന്നലെ എത്താൻ നിശ്ചയിച്ചിരുന്നെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു. സന്ദർശനത്തിന്റെ ഭാഗമായി വിവിധ സുരക്ഷാ ഏജൻസികളുടെ പരിശോധനകൾ നടന്നു.

Post a Comment

Thanks

Previous Post Next Post