ബേപ്പൂർ | രണ്ടാഴ്ചയിലേറെ മുടങ്ങിക്കിടന്ന ചാലിയം–ബേപ്പൂർ ജങ്കാർ സർവീസ് പുനരാരംഭിച്ചു.
അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ജങ്കാറിനു മാരിടൈം ബോർഡിന്റെ ഫിറ്റ്നസ് ലഭിച്ചതോടെ ഇന്നലെ രാവിലെയാണ് ഇരു കരകളിലേക്കും സർവീസ് തുടങ്ങിയത്.
ഇതോടെ ദിവസങ്ങളായി യാത്രാ ക്ലേശം നേരിട്ട മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ആശ്വാസമായി. കലക്ടറുടെ നിർദേശത്തെ തുടർന്നു കഴിഞ്ഞ 10ന് തുറമുഖ അധികൃതർ നടത്തിയ പരിശോധനയിൽ ന്യൂനതകൾ കണ്ടെത്തിയതോടെ 11 മുതൽ സർവീസ് നിർത്താൻ പോർട്ട് ഓഫിസർ ഉത്തരവിട്ടിരുന്നു.
ജങ്കാർ അറ്റകുറ്റപ്പണി വൈകിയിട്ടും കടവിൽ ബദൽ യാത്രാമാർഗം ഒരുക്കാൻ സർവീസ് നടത്തുന്ന കടലുണ്ടി പഞ്ചായത്ത് നടപടികൾ സ്വീകരിക്കാതിരുന്നതു കടുത്ത പ്രതിഷേധത്തിനു വഴിവച്ചിരുന്നു.
യാത്രാക്ലേശം രൂക്ഷമായതോടെ പഞ്ചായത്ത് പ്രസിഡന്റ് ഒ.ഭക്തവത്സലന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധി സംഘം പോർട്ട് ഓഫിസർ, കൊടുങ്ങല്ലൂരിൽ മാരിടൈം ബോർഡ് സർവേ വിഭാഗം എന്നിവരുമായി ചർച്ച നടത്തിയിരുന്നു.
തുടർന്ന് മാരിടൈം ബോർഡ് സർവേയർ വി.കെ.ആനന്ദ് കുമാറിന്റെ നേതൃത്വത്തിലുള്ള സർവേ സംഘം ബേപ്പൂരിലെത്തി ജങ്കാർ പരിശോധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിച്ചതോടെയാണ് ജങ്കാർ സർവീസ് പുനരാരംഭിക്കാനായത്.
ഫിറ്റ്നസിനു ഡിസംബർ 30 വരെ കാലപരിധിയുണ്ട്. ഇതിനിടെ കടവിൽ റോറോ സർവീസ് തുടങ്ങാനുള്ള ഊർജിത ശ്രമങ്ങളും നടക്കുന്നുണ്ട്.
ജങ്കാർ ജെട്ടി അറ്റകുറ്റപ്പണികൾ നടത്തി റോറോയ്ക്ക് അനുയോജ്യമാക്കിയാൽ ഉടൻ സർവീസ് തുടങ്ങാനാണു അധികൃതർ ലക്ഷ്യമിടുന്നത്.
إرسال تعليق
Thanks