മലപ്പുറം ജില്ലയിൽ അഞ്ചാംപനി കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ തീരുമാനം. ജില്ലാ കളക്ടർ ഡോ. വിനയ് ഗോയലിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല ടാസ്ക് ഫോഴ്സ് യോഗത്തിലാണ് അടിയന്തര നടപടികൾ കൈക്കൊള്ളാൻ തീരുമാനമായത്.
പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ജില്ലയിലെ എല്ലാ ഹെൽത്ത് ബ്ലോക്കുകളിലും ഒരു മാസത്തെ പ്രത്യേക കർമപദ്ധതി തയ്യാറാക്കി നടപ്പിലാക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി.
വാക്സിനേഷൻ നിരക്ക് കുറഞ്ഞ പ്രദേശങ്ങളിൽ ഗ്രാമപഞ്ചായത്ത് തലത്തിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ അടിയന്തര യോഗങ്ങൾ വിളിച്ച് ബോധവൽക്കരണവും ഇടപെടലുകളും നടത്തും. സർക്കാർ ആശുപത്രികൾക്ക് പുറമെ സ്വകാര്യ ആശുപത്രികൾ, ക്ലിനിക്കുകൾ, ഹോമിയോ-ആയുർവേദ കേന്ദ്രങ്ങൾ എന്നിവരെല്ലാം അഞ്ചാംപനി ലക്ഷണങ്ങളുമായി എത്തുന്ന കേസുകൾ അതത് പി.എച്ച്.സികൾ വഴി ആരോഗ്യ വകുപ്പിനെ ഉടനടി അറിയിക്കണമെന്ന് കർശന നിർദ്ദേശമുണ്ട്.
വിദ്യാഭ്യാസ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സജീവ പങ്കാളിത്തത്തോടെ സി.ബി.എസ്.ഇ ഉൾപ്പെടെയുള്ള എല്ലാ സ്കൂളുകളിലും വാക്സിനേഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. അഞ്ചാംപനി വായുവിലൂടെ അതിവേഗം പകരുന്ന രോഗമായതിനാൽ രോഗലക്ഷണങ്ങളുള്ള കുട്ടികളെ പൂർണ്ണമായി ഭേദമാകുന്നതുവരെ സ്കൂളുകളിലേക്ക് അയക്കരുതെന്ന് അധികൃതർ.
കൂടാതെ അതിഥി തൊഴിലാളികളുടെ ക്യാമ്പുകളിലും ട്രൈബൽ മേഖലകളിലും പ്രതിരോധ കുത്തിവെപ്പ് പൂർണ്ണമായി ഉറപ്പാക്കുന്നതിനായി പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
Post a Comment
Thanks