താനൂർ ബോട്ടുദുരന്തം: സമഗ്ര പുനരന്വേഷണം വേണം : യൂത്ത് ലീഗ്


താനൂർ: തൂവൽ തീരം പൂരപ്പുഴയിൽ 2023 മേയ് 7ന് ഉണ്ടായ ബോട്ടുദുരന്തത്തിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 22 പേർ മരിച്ച സംഭവത്തിൽ യഥാർത്ഥ വസ്തുതകളും ഉത്തരവാദിത്തങ്ങളും പുറത്തുകൊണ്ടുവരാൻ സമഗ്രമായ പുനരന്വേഷണം നടത്തണമെന്ന് താനൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പ്രവർത്തകസമിതി യോഗത്തിൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ദുരന്തത്തിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘം 85 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചെങ്കിലും ബോട്ടിന് അനുമതി ലഭിച്ച സാഹചര്യം, രേഖകളുടെ ആധികാരികത, സുരക്ഷാ വീഴ്ചകൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നടപടികൾ തുടങ്ങിയ വിഷയങ്ങളിൽ ഉയർന്ന ചോദ്യങ്ങൾക്ക് പൂർണമായ വ്യക്തത ലഭിക്കേണ്ടതുണ്ട്.


ജസ്റ്റിസ് വി.കെ. മോഹനൻ അധ്യക്ഷനായ ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടുകൾ പൂർണമായി നിയമസഭയുടെ മേശപ്പുറത്ത് വെച്ച് വിശദമായ ചർച്ച നടത്തുകയും പൊതുസമൂഹത്തിന് ലഭ്യമാക്കുകയും വേണം. ആദ്യ അന്വേഷണത്തിൽ പരിശോധിക്കാതെ പോയതോ മതിയായ രീതിയിൽ അന്വേഷിക്കപ്പെടാതെ പോയതോ ആയ വ്യക്തികളുടെയും ഉദ്യോഗസ്ഥരുടെയും പങ്ക് പുനഃപരിശോധിക്കുകയും, കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമായിടത്ത് തുടർ അന്വേഷണം നടത്തുകയും വേണം.


രാഷ്ട്രീയമോ ഔദ്യോഗികമോ ആയ സ്വാധീനം പരിഗണിക്കാതെ യഥാർത്ഥ ഉത്തരവാദിത്തമുള്ള എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം. 22 മനുഷ്യജീവനുകൾ നഷ്ടപ്പെട്ട ദുരന്തത്തിന്റെ സത്യാവസ്ഥ ഒരിക്കലും മറവിയിലാകരുതെന്നും നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണത്തിലൂടെ യഥാർത്ഥ വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്നും വിഷയം നിയമസഭയിൽ ചർച്ച ചെയ്യണമെന്നും യൂത്ത് ലീഗ് ട്രഷറർ ഷമീർ ചിന്നൻ അവതരിപ്പിച്ച പ്രമേയത്തിൽ  ആവശ്യപ്പെട്ടു. യോഗം താനൂർ നിയോജക മണ്ഡലം എം.എൽ.എ പി.കെ നവാസ് ഉദ്ഘാടനം ചെയ്തു. 


മണ്ഡലം യൂത്ത് ലീഗ്  പ്രസിഡന്റ് ഉബൈസ് കുണ്ടിങ്ങൽ അധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി ടി നിയാസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ റഷീദ് മോര്യ,  വി കെ ജലീൽ, നൗഷാദ് പറപ്പൂതടം, മണ്ഡലം ഭാരവാഹികളായ സെയ്തലവി തൊട്ടിയിൽ, ജംഷീർ താനാളൂർ, ഹാരിസ്  വള്ളിക്കാഞ്ഞിരം, എ സി യാഫിക്, ജംഷാദ് ചെറിയമുണ്ടം, റഷീദ് വടക്കേയിൽ, കെ എൻ ഹക്കീം തങ്ങൾ, ഇർഷാദ് കുറുക്കോൾ, പി പി ജാഫർ അലി, ഇസ്മായിൽ അയ്യായ, ടി പി ഹർഷൽ, പി മുഹമ്മദ് മുസ്തഫ,  സക്കരിയ ഉണ്ണിയാൽ, ഹസീബ് ഓവുങ്ങൽ, വൈ സൽമാൻ, നിസാം താനൂർ, ഹുസൈൻ മോര്യ, റിൻഷാദ് താനാളൂർ, യൂനുസ് പച്ചോല, ജംഷീർ ഒയൂർ, എൻ ജാബിർ, ആരിഫ് നിറമരുതൂർ, അഫ്സൽ ഉണ്ണിയാൽ,  ശിഹാബ് താനാളൂർ എന്നിവർ പ്രസംഗിച്ചു.

Post a Comment

Thanks

Previous Post Next Post