പരപ്പനങ്ങാടി : തിരൂരങ്ങാടി–വള്ളിക്കുന്ന്- തിരൂർ മണ്ഡലങ്ങളെ ഉൾപ്പെടുത്തി ഡിഗ്രി സൗജന്യ തുല്യത തുടർപഠന സൗകര്യം ഒരുക്കണം.
സാക്ഷരതാ മിഷൻ മുഖേന തുല്യതാ വിദ്യാഭ്യാസം പൂർത്തിയാക്കിയ പഠിതാക്കൾക്ക് ഉന്നത വിദ്യാഭ്യാസം തുടരുന്നതിനായി പരപ്പനങ്ങാടിയിൽ പ്രത്യേക പഠനകേന്ദ്രം ആരംഭിക്കണമെന്നും തിരൂരങ്ങാടി, വള്ളിക്കുന്ന് മണ്ഡലങ്ങളിലെ പഠിതാക്കളെ ഉൾപ്പെടുത്തി സൗജന്യ തുടർപഠനത്തിന് ആവശ്യമായ സഹായം ഒരുക്കണമെന്നും ആവശ്യം.
ഹൈസ്കൂൾ, ഹയർ സെക്കൻഡറി തുല്യതാ പഠനത്തിലൂടെ വിദ്യാഭ്യാസ യോഗ്യത നേടുന്ന നിരവധി പേർക്ക് സാമ്പത്തിക പരിമിതികൾ കാരണം തുടർപഠനം ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ട്. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി കുടുംബശ്രീ, അയൽക്കൂട്ടം, അംഗൻവാടി ടീച്ചർമാർ, കണ്ടീൻമെന്റ് ജോലിക്കാർ ഇവർക്ക് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിംഗ് സംവിധാനത്തിലൂടെ ബിരുദ, ബിരുദാനന്തര ബിരുദ പഠനം തുടരാനുള്ള അവസരം പ്രയോജനപ്പെടുത്തുന്നതിന് പ്രാദേശികതലത്തിൽ പഠനകേന്ദ്രവും ആവശ്യമായ അക്കാദമിക് പിന്തുണയും ഒരുക്കേണ്ടതുണ്ട്.
തൊഴിൽ ചെയ്യുന്നവർ, കുടുംബ ഉത്തരവാദിത്വങ്ങൾ വഹിക്കുന്നവർ, പഠനം ഇടയ്ക്ക് നിർത്തിവെച്ചവർ തുടങ്ങിയവർക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് പഠനം തുടരാൻ കഴിയുന്ന രീതിയിലുള്ള സംവിധാനമാണ് ഓപ്പൺ യൂണിവേഴ്സിറ്റി നൽകുന്നത്. എന്നാൽ പഠനകേന്ദ്രത്തിന്റെ അഭാവവും ഫീസ് ഉൾപ്പെടെയുള്ള സാമ്പത്തിക ബാധ്യതകളും പലർക്കും തുടർവിദ്യാഭ്യാസത്തിന് തടസ്സമാകുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് തിരൂരങ്ങാടി–വള്ളിക്കുന്ന്- തിരൂർ മണ്ഡലങ്ങളെ ഏകോപിപ്പിച്ച് പരപ്പനങ്ങാടിയിൽ ഒരു ഡിഗ്രിക്ക് തുല്യതാ പഠന-സഹായകേന്ദ്രം ആരംഭിക്കുകയും അർഹരായ പഠിതാക്കൾക്ക് സൗജന്യമായോ സർക്കാർ/തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ധനസഹായത്തോടെയോ തുടർപഠന സൗകര്യം ഒരുക്കുകയും ചെയ്യണമെന്ന ആവശ്യം ഉയരുന്നത്.
ഇതിനായി ബന്ധപ്പെട്ട എംഎൽഎ ഫണ്ടിൽനിന്നോ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വിദ്യാഭ്യാസ ഫണ്ടിൽ നിന്ന് ആവശ്യമായ സഹായം അനുവദിക്കുന്നതിനും സംസ്ഥാന സാക്ഷരതാ മിഷൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ്, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി എന്നിവയുടെ സഹകരണത്തോടെ സ്ഥിരമായ പഠന സംവിധാനം ഒരുക്കുന്നതിനും നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
ഇക്കാര്യം ആവശ്യപ്പെട്ട് നന്നമ്പ്ര ഗ്രാമപഞ്ചായത്ത് ജനപ്രതിനിധി ജാഫർ പനയത്തിലും സാമൂഹിക പ്രവർത്തകൻ അബ്ദുൽ റഹീം പൂക്കത്തും തിരൂരങ്ങാടി നിയോജകമണ്ഡലം എം.എൽ.എ പി.എം.എ. ഷമീർ മുമ്പാകെ നിവേദനം നൽകി. തുല്യതാ വിദ്യാഭ്യാസത്തിലൂടെ പഠനം തുടരാൻ ആഗ്രഹിക്കുന്നവർക്ക് സാമ്പത്തികവും ഭൗതികവുമായ തടസ്സങ്ങൾ ഒഴിവാക്കി ഉന്നത വിദ്യാഭ്യാസത്തിലേക്ക് എത്താൻ കഴിയുന്ന സംവിധാനം ഒരുക്കണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം.
ഫോട്ടോ :- തിരൂരങ്ങാടി മണ്ഡലം എംഎൽഎ പി എം എ ഷമീറിന്ന് പഠനകേന്ദ്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിവേദനം നൽകുന്നു
إرسال تعليق
Thanks