> പോലീസും പഞ്ചായത്തും ഇടപെടണമെന്ന് നാട്ടുകാർ..
കൊളപ്പുറം : ദേശീയപാത 66-ന്റെ ഭാഗമായ സർവീസ് റോഡരികിൽ വൻതോതിൽ മാലിന്യം തള്ളുന്നത് ജനവാസ മേഖലക്ക് കടുത്ത ഭീഷണിയാകുന്നു. വേങ്ങര ഗ്രാമ പ്പഞ്ചായത്തിലെ ഒന്നാം വാർഡിൽ പെട്ട പ്രദേശങ്ങളിലാണ് രാത്രിയുടെ മറവിൽ സമൂഹവിരുദ്ധർ വൻതോതിൽ മാലിന്യങ്ങൾ തള്ളുന്നത്.
കോഴിക്കോട് - തൃശ്ശൂർ പാതയിൽ കൊളപ്പുറത്തിനും കൂരിയാടിനും ഇടയിലുള്ള ഇറക്കത്തിലാണ് പ്രധാനമായും ഈ അനധികൃത മാലിന്യ നിക്ഷേപം നടക്കുന്നത്. ഉപയോഗിച്ചു കഴിഞ്ഞ പ്ലാസ്റ്റിക് കവറുകൾ, ജൈവ-അജൈവ അവശിഷ്ടങ്ങൾ തുടങ്ങിയവ വലിയ വാഹനങ്ങളിൽ എത്തിച്ചാണ് റോഡരികിലേക്ക് വലിച്ചെറിയുന്നത്.
കിണർ വെള്ളവും കുടിവെള്ളവും മലിനമാകുന്നു
റോഡിനേക്കാൾ താഴ്ന്ന പ്രദേശങ്ങളിലാണ് ജനങ്ങൾ താമസിക്കുന്നത്. മഴ പെയ്യുന്നതോടെ റോഡരികിൽ കിടക്കുന്ന മാലിന്യത്തിലെ വിഷവസ്തുക്കൾ ഒഴുകിയിറങ്ങി സമീപത്തെ വീട്ടു പറമ്പുകളിലേക്കും കിണറുകളിലേക്കും എത്തുകയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. കൂടാതെ സമീപത്തെ വയലുകളിലേക്ക് കക്കൂസ് മാലിന്യം കൊണ്ടുവന്നു തള്ളുന്നത് പതിവായതോടെ പ്രദേശത്തെ കർഷകരും വലിയ ദുരിതത്തിലാണ്.
ദേശീയപാത അധികൃതർക്കും വേങ്ങര പോലീസിനും ഗ്രാമപ്പഞ്ചായത്തിനും നിരവധി തവണ പരാതി നൽകിയിട്ടും ഇതുവരെ ശാശ്വതമായ ഒരു പരിഹാരവും ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു. മാലിന്യം തള്ളുന്നവരെ പിടികൂടാൻ രാത്രികാലങ്ങളിൽ പോലീസ് നിരീക്ഷണം ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.

Post a Comment
Thanks