യാത്ര പുറപ്പെടുന്നതിന് മുമ്പ് ശ്രദ്ധിക്കുക! ഈ സ്ഥലങ്ങളിൽ യാത്രാ നിരോധനം,​ വിനോദസഞ്ചാരം ഇപ്പോൾ വേണ്ടെന്ന് മുന്നറിയിപ്പ്


  തിരുവനന്തപുരം |   കേരളത്തിൽ കനത്ത മഴയെത്തുടർന്ന് വിവിധ ജില്ലകളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്കേർപ്പെടുത്തി. കോഴിക്കോട്, ഇടുക്കി, വയനാട് തുടങ്ങിയ ജില്ലകളിലെ മുഴുവൻ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്രവേശനം നിരോധിച്ചതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കൂടാതെ പൊന്മുടി,​ അതിരപ്പിള്ളി,​ നെല്ലിയാമ്പതി തുടങ്ങിയ പ്രധാന സ്ഥലങ്ങളിലും കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്.


ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകൾക്കുപുറമെ പത്തനംതിട്ട, കോട്ടയം, വയനാട്, കണ്ണൂർ, കാസ‌ർകോട് ജില്ലരളിൽ റെഡ് അലർട്ട് നൽകിയിരിക്കുന്ന സാഹചര്യത്തിലാണ് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ കക്കയം, കരിയാത്തുംപാറ ഉൾപ്പെടെയുള്ള എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും ജലാശയങ്ങളിലും പ്രവേശനം പൂർണമായും നിരോധിച്ചിട്ടുണ്ട്.


ഇടുക്കി ജില്ലയിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും പൊതുജനങ്ങളും വിനോദസഞ്ചാരികളും അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. നിലവിൽ ജില്ലയിലുള്ള എല്ലാ വിനോദസഞ്ചാരികളും സുരക്ഷിതമായ താമസസ്ഥലങ്ങളിൽ തന്നെ തുടരണമെന്നും നിർദേശമുണ്ട്. വയനാട് ജില്ലയിലെ എല്ലാവിധ ട്രെക്കിംഗിനും അഡ്വഞ്ചർ ടൂറിസം കേന്ദ്രങ്ങൾക്കും ഹോംസ്റ്റേകൾക്കും താത്കാലിക വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.


തിരുവനന്തപുരം,​ കൊല്ലം ജില്ലകളിലെ പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം, കല്ലാർ-പൊന്മുടി റോഡ്, പാലരുവി, കുംഭാവുരുട്ടി വെള്ളച്ചാട്ടങ്ങൾ എന്നിവയും അടച്ചു. കോട്ടയം ജില്ലയിലെ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട-വാഗമൺ റൂട്ടിലെ രാത്രിയാത്രയും ഈ മാസം നാല് വരെ നിരോധിച്ചു. പാലക്കാട് തൃശൂർ ജില്ലകളിലെ നെല്ലിയാമ്പതി, മലമ്പുഴയിലെ കവ, അതിരപ്പിള്ളി എന്നിവിടങ്ങളിലും പ്രവേശനം വിലക്കിയിട്ടുണ്ട്.


Post a Comment

Thanks

Previous Post Next Post