ഊണുകഴിഞ്ഞാല്‍ ഒന്ന് ചെറുതായി ഉറങ്ങാൻ കൊതിക്കാത്തവർ കുറവാണ്. പ്രത്യേകിച്ച് നല്ല ആഹാരം കഴിച്ച ശേഷം. എന്നാല്‍ ഉച്ചകഴിഞ്ഞുള്ള ഈ ഉറക്കം (Afternoon Nap) തലച്ചോറിൻ്റെ ആരോഗ്യത്തിന് നല്ലതാണോ അതോ ദോഷം ചെയ്യുമോ എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ.
ഈ ശീലം നമ്മള്‍ മാറ്റേണ്ടതുണ്ടോ? അമിതമായാല്‍ അമൃതും വിഷമെന്നപോലെ തന്നെ ഉച്ചയുറക്കത്തിൻ്റെ കാര്യത്തിലും ഇത് തന്നെയാണ് ശാസ്ത്രലോകം പറയുന്നത്. പലരിലും സംശയമുണർത്തുന്ന ഈ വിഷയത്തിന് പിന്നിലെ ശാസ്ത്രീയ വശങ്ങളും, തലച്ചോറിനെ ഇത് എങ്ങനെ ബാധിക്കുന്നുവെന്നും കൃത്യമായി മനസ്സിലാക്കാം.
ഉച്ചയുറക്കം നല്‍കുന്ന ഗുണങ്ങള്‍
ഓർമ്മശക്തി വർദ്ധിപ്പിക്കുന്നു: പകല്‍ സമയത്തെ ചെറിയ മയക്കം തലച്ചോറിലെ വിവരങ്ങളെ ദീർഘകാല ഓർമ്മകളാക്കി മാറ്റാൻ സഹായിക്കുന്നു. ഇത് പഠനത്തിനും മറ്റ് കാര്യങ്ങള്‍ക്കും കൂടുതല്‍ സഹായിക്കുന്നു.
മാനസിക ഉന്മേഷവും ശ്രദ്ധയും: ഉച്ചയ്ക്ക് ശേഷം ശരീരത്തിനുണ്ടാകുന്ന സ്വാഭാവിക തളർച്ചയെ മറികടക്കാൻ ഇത്തരം ചെറിയ ഉറക്കത്തിന് സാധിക്കും. ഇത് നിങ്ങളുടെ ദൈനദിനം പ്രവർത്തി ഉള്‍പ്പെടെയുള്ള ജോലികളിലെ ഉല്‍പ്പാദനക്ഷമത വർദ്ധിപ്പിക്കുന്നു.
തലച്ചോറിന്റെ വാർദ്ധക്യം തടയുന്നു: കൃത്യമായി പകല്‍ ഉറങ്ങുന്നവരുടെ തലച്ചോറിൻ്റെ വോളിയം മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലായിരിക്കുമെന്നും, ഇത് തലച്ചോറിൻ്റെ വാർദ്ധക്യത്തെ സാവധാനത്തിലാക്കുമെന്നും ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു.
സമ്മർദ്ദം കുറയ്ക്കുന്നു: ഉച്ചയുറക്കം ശരീരത്തിലെ സ്ട്രെസ് ഹോർമോണായ കോർട്ടിസോളിൻ്റെ അളവ് കുറയ്ക്കുകയും മനസ്സിന് ശാന്തത നല്‍കുകയും ചെയ്യും.
ഉച്ചയുറക്കം വില്ലനാകുന്നത് എപ്പോള്‍?
ഗുണങ്ങളുണ്ടെങ്കിലും എപ്പോഴും ഉച്ചയുറക്കം നല്ലതാകണമെന്നില്ല. ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇത് ദോഷകരമായി മാറാം. നിങ്ങള്‍ മുക്കാല്‍ മണിക്കൂറിലോ ഒരു മണിക്കൂറിലോ അധികം ഉച്ചയ്ക്ക് ഉറങ്ങിയാല്‍ തലച്ചോർ ആഴത്തിലുള്ള ഉറക്കത്തിലേക്ക് പോകുന്നു. ഇതിനുശേഷം ഉണരുമ്പോള്‍ കൂടുതല്‍ ക്ഷീണവും തലവേദനയോ മന്ദതയോ ഒക്കെ അനുഭവപ്പെടാം. ഉച്ചയ്ക്ക് ഒരുപാട് നേരം ഉറങ്ങുന്നത് രാത്രിയിലെ ഉറക്കത്തെ കാര്യമായി ബാധിക്കുന്നു. രാത്രി നന്നായി ഉറങ്ങിയിട്ടും ഉച്ചയ്ക്ക് ക്ഷീണവും ഉറക്കവും വരുന്നത് പ്രമേഹം, തൈറോയ്ഡ് അല്ലെങ്കില്‍ ഹൃദയസംബന്ധമായ മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ ലക്ഷണത്തെയും സൂചിപ്പിക്കുന്നു.
Post a Comment
Thanks