തിരുവനന്തപുരം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഓഹരി കൈമാറ്റം സംബന്ധിച്ച് പ്രഖ്യാപനം നടത്തിയതില്‍ അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് മാനേജ്മെന്റിനെ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി വി.ഡി.സതീശന്‍. സര്‍ക്കാരിനെ അറിയിക്കുകയോ സര്‍ക്കാരുമായി കൂടിയാലോചന നടത്തുകയോ ചെയ്യാതെയാണ് അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡില്‍ (എവിപിപിഎല്‍) 49 ശതമാനം ഓഹരി പങ്കാളിത്തത്തോടെ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി നിക്ഷേപം നടത്തുന്നെന്ന പ്രഖ്യാപനമുണ്ടായതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാന സര്‍ക്കാരുമായി ഉണ്ടാക്കിയ കണ്‍സഷന്‍ കരാര്‍ പ്രകാരം സര്‍ക്കാരിന്റെ അനുമതിയോട് കൂടി മാത്രമെ കണ്‍സഷെനയറുടെ ഓഹരി ഘടനയില്‍ മാറ്റം വരുത്താനാകൂ. കണ്‍സഷന്‍ കരാറിലെ ബാധകമായ വ്യവസ്ഥകളും മറ്റ് നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും കര്‍ശനമായി പരിശോധിച്ചതിനു ശേഷം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തുടര്‍ നിലപാട് സ്വീകരിക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തിന്റെ താല്‍പര്യം പൂര്‍ണമായും സംരക്ഷിച്ച്, വിഴിഞ്ഞം തുറമുഖത്തെ ആഗോളതലത്തില്‍ മത്സരക്ഷമമായ ട്രാന്‍സ്ഷിപ്മെന്റ് ഹബ്ബെന്ന നിലയില്‍ അതിന്റെ പൂര്‍ണ സാധ്യതകള്‍ കൈവരിക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെ ജൂണ്‍ 29ന് അദാനി ഗ്രൂപ്പ് എംഎസ്‌സി കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടുവെന്നും സര്‍ക്കാര്‍ ഇത് അംഗീകരിക്കരുതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഇന്ന് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി അദാനി ഗ്രൂപ്പിനെ അതൃപ്തി അറിയിച്ചത്.
അതേസമയം, വിഴിഞ്ഞം തുറമുഖത്തിൽ അദാനി കമ്പനിയുടെ ഓഹരിവിൽപന അപകടകരമായ കുത്തകവത്കരണത്തിനു കാരണമാകുമെന്ന് മുൻ തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ബഹുരാഷ്ട്ര ഷിപ്പിങ് കമ്പനിയായ എംഎസ്‌സിക്ക് വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരികൾ കൈമാറുന്നതു ഞെട്ടലുളവാക്കുന്നതാണ്. നിർമാണ കരാർ പ്രകാരം 25 ശതമാനത്തിൽ കൂടുതൽ ഓഹരി കൈമാറ്റം നടക്കണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ മുൻകൂർ അംഗീകാരം ആവശ്യമാണ്. സംസ്ഥാന താൽപര്യത്തിനു വിരുദ്ധമായി 13000 കോടി രൂപയുടെ ഓഹരി രാജ്യാന്തര ഷിപ്പിങ് ഭീമനു കൈമാറാനുള്ള നിർമാണ കമ്പനിയുടെ ഏകപക്ഷീയമായ ശ്രമങ്ങൾ ഒറ്റനോട്ടത്തിൽ നിയമവിരുദ്ധമാണ്. ഇതിനെതിരെ സംസ്ഥാന സർക്കാർ ശക്തമായ നിലപാട് എടുക്കണം. വിഴിഞ്ഞത്തെ ലോകോത്തര നിലവാരത്തിലുള്ള ഒരു ‘മൾട്ടി-ഓപ്പറേറ്റർ’ തുറമുഖമാക്കാനാണ് സംസ്ഥാനം ലക്ഷ്യമിട്ടത്. ഒരു പ്രത്യേക ഷിപ്പിങ് കമ്പനിക്കുവേണ്ടി കുത്തകവൽക്കരിക്കാനുള്ള ഗൂഢനീക്കമാണ് ഇപ്പോൾ നടക്കുന്നത്. ഇത് അനുവദിച്ചാൽ ‘മൾട്ടി-ക്ലയിന്റ്’ സംവിധാനം ഇല്ലാതാകും. തുറമുഖം ഒരു കമ്പനിയുടെ മാത്രം കുത്തകയായാൽ കയറ്റുമതിക്കാർക്ക് ആ കമ്പനിയുടെ കപ്പലുകളെയും അവർ നിശ്ചയിക്കുന്ന നിരക്കുകളെയും മാത്രം ആശ്രയിക്കേണ്ട ഗതികേടുണ്ടാകും. രാജ്യത്തെ പ്രധാനപ്പെട്ട ഭൂഘടനയിലുള്ള വിഴിഞ്ഞം തുറമുഖത്തിന്റെ ഉടമസ്ഥാവകാശം ബഹുരാഷ്ട്ര കമ്പനിക്കു നൽകുന്നതു ദേശീയ സുരക്ഷാ താൽപര്യങ്ങൾക്കു പ്രശ്നമാവുമെന്നും അദ്ദേഹം പറഞ്ഞു.
Post a Comment
Thanks