അർധ രാത്രിയിൽ വീട്ടിൽ അതിക്രമിച്ചുകയറി വെട്ടിപ്പരിക്കേൽപ്പിച്ച കേസ്; ഒളിവിലായിരുന്ന രണ്ടുപേർ പിടിയിൽ


➡️വടിവാളും ഇരുമ്പ് പൈപ്പുമായി ആക്രമണം, വാഹനങ്ങളും വീടിന്റെ ജനൽച്ചില്ലുകളും തകർത്തതായി പരാതി


തിരൂർ: പുറത്തൂരിൽ വീട്ടിൽ അതിക്രമിച്ചുകയറി വടിവാളും ഇരുമ്പ് പൈപ്പും ഉപയോഗിച്ച് ആക്രമണം നടത്തി പരിക്കേൽപ്പിക്കുകയും സ്വത്ത് നശിപ്പിക്കുകയും ചെയ്ത കേസിൽ ഒളിവിലായിരുന്ന രണ്ടുപ്രതികളെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. പുറത്തൂർ ചിറക്കലങ്ങാടി  സ്വദേശി പൂളക്കൽ ഫൈസൽ  നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ചിറക്കലങ്ങാടി സ്വദേശി പോടൂർ വീട്ടിൽ സനൽ (32), ചാവക്കാട് സ്വദേശി നബീൽ (28) എന്നിവരെ പിടികൂടിയത്. സനലിനെ പൊന്നാനിയിൽ ഒളിവിൽ കഴിയുന്നതിനിടെയും നബീലിനെ വടക്കേക്കാട് ഭാഗത്തുനിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ജൂലൈ 3-ന് പുലർച്ചെ രണ്ടുമണിയോടെ ചിറക്കൽ അങ്ങാടിയിൽ ലോകകപ്പ് മത്സരം കണ്ടുകൊണ്ടിരിക്കുകയായിരുന്ന അഷ്റഫിനെ പ്രതികൾ ആക്രമിച്ചതായാണ് കേസ്. ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട അഷ്റഫ് വീട്ടിലേക്ക് ഓടിക്കയറിയതിനെ തുടർന്ന് പ്രതികൾ വീട്ടിൽ അതിക്രമിച്ചുകയറി അഷ്റഫിനെയും സഹോദരങ്ങളായ ഫൈസൽ, അബ്ദുൽ റസാഖ്, ഫൈസലിൻ്റെ ഭാര്യ സുൽഫത്ത് എന്നിവരെ ആക്രമിച്ചെന്നാണ് പരാതി. റസാഖിനെ വടിവാൾ ഉപയോഗിച്ചുള്ള ആക്രമണത്തിൽ പരിക്കേൽക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ സഹോദരനായ ഫൈസലിന് തലക്ക് പരിക്കേറ്റതായും ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് മറ്റ് കുടുംബാംഗങ്ങളെയും മർദിച്ചതായും പരാതിയിൽ പറയുന്നു. ആക്രമണത്തിനിടെ ഫൈസലിന്റെ ഭാര്യയെ പിടിച്ചുതള്ളുകയും വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന രണ്ട് ബുള്ളറ്റ്, മോട്ടോർസൈക്കിളുകളും വീടിന്റെ ജനൽച്ചില്ലുകളും തകർത്തതായും ഏകദേശം 60,000 രൂപയുടെ നാശനഷ്ടമുണ്ടായതായും പരാതിയിലുണ്ട്. തുടർന്ന് കുടുംബാംഗങ്ങളെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

തിരൂർ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ എസ്.ഐ. സുജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സി.പി.ഒമാരായ ആശിഷ് സ്റ്റീഫൻ, ടോണി വർഗീസ്, ഷിൻസൺ, അനന്ദു, എസ്.ഐ. നസീർ തിരൂർക്കാട്, ബിജോ വർഗീസ്, അനീഷ്, പ്രദീപ്, ഷിനോയി, ജോബിഷ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.

കേസിലെ മറ്റൊരു പ്രതിക്കായി അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

Post a Comment

Thanks

Previous Post Next Post