കെ ടെറ്റ് വെരിഫിക്കേഷൻ; മണിക്കൂറുകളോളം വലഞ്ഞ് അദ്ധ്യാപകർ


കോഴിക്കോട്‌ | അദ്ധ്യാപക യോഗ്യത പരീക്ഷ (കെ ടെറ്റ്) പാസായ, സർവീസിലുള്ളവരുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷനെ തുടർന്ന് ഡി.ഇ.ഒ ഓഫീസിന് മുന്നിൽ അദ്ധ്യാപകർ വരിനിന്നത് മണിക്കൂറുകൾ. സർക്കാർ തലത്തിലും ജില്ലകളിലും വെരിഫിക്കേഷനുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഏകോപനമുണ്ടായില്ലെന്നും നടപടികൾ ലഘൂകരിക്കാൻ അവസരമുണ്ടായിട്ടും ശ്രമിച്ചില്ലെന്നും അദ്ധ്യാപകർ ആരോപിച്ചു.

  ഓഫീസ്‌ തുറക്കുന്നതിനും മുന്നേ രാവിലെ എട്ടരയോടെ അദ്ധ്യാപകർ പരിശോധനക്കായെത്തിയ അദ്ധ്യാപകരുടെ നീണ്ട വരി ഡി.ഇ.ഒ ഓഫീസിന്‌ മുന്നിൽ തുടങ്ങി കൊട്ടാരം റോഡ്‌ വരെ നീണ്ടു. എണ്ണൂറിനടുത്ത്‌ പേർക്ക്‌ മാത്രമാണ്‌ ടോക്കൻ നൽകാൻ കഴിഞ്ഞത്‌. ഇതിനിടെ മഴ പെയ്തതും ദുരിതമായി. കുടനിവർത്താൻ പോലും പറ്റാത്ത സ്ഥിതിയാണുണ്ടായത്. അടുത്ത വർഷം വിരമിക്കാനിരിക്കുന്ന അദ്ധ്യാപകരടക്കം മണിക്കൂറുകൾ വരിയിൽ വളഞ്ഞു. മണിക്കൂറുകളോളം കാത്തുനിന്നിട്ടും നടപടികൾ പൂർത്തിയാകാതെ വന്നതോടെ അദ്ധ്യാപകർ പ്രതിഷേധിച്ചു. 

തുടർന്ന്‌ സർട്ടിഫിക്കറ്റിന്റെ പകർപ്പും അദ്ധ്യാപകരുടെ വിവരങ്ങളും വാങ്ങിവെച്ച്‌ കാര്യങ്ങൾ വേഗത്തിലാക്കാൻ ശ്രമിച്ചു. സെൻസസ് ഡ്യൂട്ടി അടക്കമുള്ള സാഹചര്യത്തിലാണ് രണ്ടര വരെ അദ്ധ്യാപകർ ബുദ്ധിമുട്ടിയത്. കെ ടെറ്റ് യോഗ്യത നേടിയ അദ്ധ്യാപകരുടെ മറ്റ് സർട്ടിഫിക്കറ്റുകളുടെ വിവരങ്ങളെല്ലാം പൊതുവിദ്യാഭ്യാസ വകുപ്പിൽ തന്നെയുള്ളപ്പോൾ ഈ രീതിയിലാണെങ്കിലും വീണ്ടും വെരിഫിക്കേഷൻ അനാവശ്യമാണെന്നാണ് അധ്യാപകരുടെ പരാതി.

 ഉപജില്ലകളനുസരിച്ചോ ഓരോ വിഭാഗത്തിനനുസരിച്ചോ ഗൂഗിൾ ഫോം വഴി അദ്ധ്യാപകരുടെ വിവരങ്ങൾ ശേഖരിച്ച്‌ ദിവസമോ സമയമോ നിശ്‌ചയിച്ചിരുന്നെങ്കിൽ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമായിരുന്നെന്നും വിദ്യാഭ്യാസ വകുപ്പ് നാഥനില്ല കളരിയായി മാറിയെന്നും കെഎസ്ട‌ിഎ പ്രതികരിച്ചു.

Post a Comment

Thanks

Previous Post Next Post