ബേപ്പൂർ വെസ്റ്റ് മാഹിയിലെ രേണുക ഓയിൽ മില്ലിൽ രാത്രി വൻ അഗ്നിബാധ. മിൽ പൂർണമായും കത്തിനശിച്ചു. ആളപായമില്ല. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം കണക്കാക്കുന്നു. സ്ഥാപനത്തിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാൻ കത്തിയമർന്നു. ഒ.എം.റോഡിൽ പോത്താഞ്ചേരി അശോകന്റെ ഉടമസ്ഥതയിലുള്ളതാണ് വെളിച്ചെണ്ണ മിൽ.
വൈകിട്ട് ആറോടെ മില്ലിന്റെ പ്രവർത്തനം നിർത്തി തൊഴിലാളികൾ താമസ സ്ഥലത്തേക്ക് പോയിരുന്നു. വിറക് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഡ്രയറിൽ നിന്നാണ് തീ പടർന്നതെന്നു തൊഴിലാളികൾ പറഞ്ഞു. ആദ്യം തൊഴിലാളികൾ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും തീ പടരുകയായിരുന്നു. ഒരേ സമയം രണ്ടു ഭാഗത്തു നിന്നാണ് തീ കത്തിയത്. വലിയ തോതിൽ തീ ആളിപ്പടരുന്നത് കണ്ട നാട്ടുകാർ അഗ്നി രക്ഷാസേനയെ അറിയിച്ചു. മീഞ്ചന്തയിൽ നിന്നും മൂന്നു യൂണിറ്റെത്തി തീ അണയ്ക്കാൻ തുടങ്ങിയെങ്കിലും തീ നിയന്ത്രിക്കാനായില്ല.
മില്ലിന്റെ രണ്ടു ഭാഗത്തായി പെട്ടിയിലും അല്ലാതെയും സൂക്ഷിച്ച വെളിച്ചെണ്ണ ഉൾപ്പെടെ കത്തി. പല ഭാഗത്തു നിന്നായി വിറക് ഉൾപ്പെടെ പൊട്ടിത്തെറിക്കാൻ തുടങ്ങി. ചാക്കുകളിലായി സൂക്ഷിച്ച കൊപ്ര, പൊളിച്ച തേങ്ങ എന്നിവയെല്ലാം കത്തി. ഇതോടൊപ്പം ചൂടു വെളിച്ചെണ്ണയും പരന്നു. നിലത്താകെ വെളിച്ചെണ്ണ പരന്നൊഴുകി. ഒരു ഭാഗത്ത് അഗ്നിരക്ഷാസേനാംഗങ്ങൾ തീ അണയ്ക്കാൻ തുടങ്ങിയെങ്കിലും മില്ലിൽ വെളിച്ചെണ്ണ സൂക്ഷിച്ച വലിയ സംഭരണിയിലേക്കു തീ പടർന്നതോടെ തീ ആളിക്കത്തി. തീക്കൊപ്പം കറുത്ത പുകയും പ്രദേശമാകെ വ്യാപിച്ചു. വിവിധ സ്റ്റേഷനുകളിൽ നിന്നായി 15 യൂണിറ്റുകളെത്തി. വെള്ളവും ഫോമുമാണ് തീ അണയ്ക്കാൻ ഉപയോഗിച്ചത്.
തീപിടിത്തത്തിന്റെ കാരണവും നാശനഷ്ടങ്ങളുടെ വ്യാപ്തിയും വ്യക്തമായിട്ടില്ല. സമീപ പ്രദേശങ്ങളിലേക്ക് തീ പടരാതിരിക്കാൻ അഗ്നിരക്ഷാസേന ജാഗ്രതാ നടപടികൾ സ്വീകരിച്ചത് വലിയ ആശ്വാസമായി.
ജില്ലാ ഫയർ ഓഫിസർ ജോസഫ് ജോസഫ്, മീഞ്ചന്ത സ്റ്റേഷൻ ഓഫിസർ ടി.കെ.ശരത്, അസി.സ്റ്റേഷൻ ഓഫിസർ ഇ.ശിഹാബുദ്ദിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. നാട്ടുകാരും ബേപ്പൂർ, നല്ലളം, മാറാട് എന്നിവിടങ്ങളിൽ നിന്നും പൊലീസും സ്ഥലത്തെത്തിയിരുന്നു.
തീ ആളിപ്പടർന്നതോടെ വൈദ്യുതിയും മുടങ്ങി. പിന്നീട് ജനറേറ്റർ ഉപയോഗിച്ച് ലൈറ്റ് കത്തിച്ചാണ് അഗ്നിരക്ഷാ സേന പ്രവർത്തനം നടത്തിയത്.
Post a Comment
Thanks