കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മലപ്പുറം ജില്ലയിൽ പെയ്തിറങ്ങിയത് ഈ മൺസൂൺ സീസണിലെ ഏറ്റവും ശക്തമായ മഴയാണ്. ബുധനാഴ്ച രാവിലെ മുതൽ വ്യാഴാഴ്ച രാവിലെ വരെയുള്ള 24 മണിക്കൂറിനുള്ളിൽ മിക്ക പ്രദേശങ്ങളിലും 100 മില്ലീമീറ്ററിന് മുകളിലാണ് മഴ ലഭിച്ചത്.
പ്രത്യേകിച്ച് ഏറനാട്, നിലമ്പൂർ താലൂക്കുകളിലാണ് അതിശക്തമായ മഴ രേഖപ്പെടുത്തിയത്. സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെയും ഹൈഡ്രോളജി വിഭാഗത്തിന്റെയും മഴമാപിനികളിലെ കണക്കുകൾ പ്രകാരം തൃക്കലങ്ങോട് മേഖലയിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് (170 മില്ലിമീറ്റർ).
കഴിഞ്ഞ ദിവസങ്ങളിലെ അതിശക്തമായ മഴയെത്തുടർന്ന് ചാലിയാർ, കടലുണ്ടി ഉൾപ്പെടെയുള്ള ജില്ലയിലെ പ്രധാന പുഴകളും കൈത്തോടുകളും ഇപ്പോഴും നിറഞ്ഞൊഴുകുകയാണ്.
മലയോര മേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതകൾ നിലനിൽക്കുന്നതിനാൽ ജില്ലാ ഭരണകൂടത്തിന്റെ ജാഗ്രതാ നിർദ്ദേശം പൂർണ്ണമായി പിൻവലിച്ചിട്ടില്ല. പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ മുൻകൂട്ടി അവധി പ്രഖ്യാപിച്ചിരുന്നെങ്കിലും, കഴിഞ്ഞ ദിവസത്തെ അത്ര കനത്ത മഴ ഇന്നലെ അനുഭവപ്പെട്ടില്ല. പലയിടങ്ങളിലും മഴ മാറിനിൽക്കുകയോ നേരിയ തോതിൽ പെയ്യുകയോ ആണ് ചെയ്തത്. നിലമ്പൂർ മേഖലയിൽ മാത്രമാണ് ഭേദപ്പെട്ട മഴ ലഭിച്ചത്.
പ്രധാന കേന്ദ്രങ്ങളിലെ മഴക്കണക്ക്: (മില്ലിമീറ്ററിൽ):
തൃക്കലങ്ങോട് — 170 mm
വേഴക്കോട് — 141 mm
വലിയകുന്ന് — 136 mm
കൽക്കുണ്ട് — 134 mm
നിലമ്പൂർ — 129 mm
നിലമ്പൂർ മാനവേദൻ — 126.4 mm
ചെക്കുന്ന് — 122 mm
അരീക്കോട് — 120 mm
പാണക്കാട് — 119 mm
ചേലോട് — 118 mm
എടവണ്ണ — 113.9 mm
പാണ്ടിക്കാട് — 108.2 mm
മലപ്പുറം — 106.2 mm
Post a Comment
Thanks