മന്ത്രി പി.കെ. ബഷീർ സെക്രട്ടറിയായ ഇഎംഇഎ കോളേജിൽ അഡ്മിഷൻ കോഴയെന്ന ആരോപണം; മാർച്ച് പ്രഖ്യാപിച്ച് യൂത്ത് ലീഗ്, പ്രവേശന നടപടികൾ താൽക്കാലികമായി നിർത്തിവെച്ചു


കൊണ്ടോട്ടി | കുമ്മിണിപ്പറമ്പ് ഇഎംഇഎ കോളേജിൽ അഡ്മിഷനുമായി ബന്ധപ്പെട്ട് വിദ്യാർഥികളിൽ നിന്ന് അനധികൃതമായി പണം ഈടാക്കുന്നതായി ആരോപണം ഉയർന്നതിനെ തുടർന്ന് യൂത്ത് ലീഗ് പ്രതിഷേധവുമായി രംഗത്ത്. മുസ്ലിം ലീഗ് നിയന്ത്രണത്തിലുള്ള കോളേജിലേക്ക് യൂത്ത് ലീഗ് തേഞ്ഞിപ്പലം പഞ്ചായത്ത് കമ്മിറ്റി മാർച്ച് പ്രഖ്യാപിച്ചതോടെയാണ് വിവാദം ശക്തമായത്.


പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ സെക്രട്ടറിയും പാണക്കാട് ബഷീർ അലി തങ്ങൾ പ്രസിഡന്റുമായ ഇഎംഇഎ കോളേജിനെതിരേയാണ് ആരോപണം ഉയർന്നത്. അഡ്മിഷനായി വിദ്യാർഥികളിൽ നിന്ന് 25,000 രൂപ മുതൽ 50,000 രൂപ വരെ പണം ഈടാക്കുന്നതായാണ് ആരോപണം.


ഇന്ന് നടക്കാനിരുന്ന അഡ്മിഷൻ നടപടികൾ തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു യൂത്ത് ലീഗിന്റെ മാർച്ച് പ്രഖ്യാപനം. പ്രതിഷേധം പരസ്യമാക്കി പോസ്റ്ററുകളും പ്രചരിപ്പിച്ചതോടെ വിഷയത്തിൽ മുസ്ലിം ലീഗ് നേതൃത്വം ഇടപെട്ടു. തുടർന്ന് വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി കോളേജ് മാനേജ്മെന്റുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ അഡ്മിഷൻ നടപടികൾ താൽക്കാലികമായി നിർത്തിവെച്ചതായാണ് വിവരം.


മാനേജ്മെന്റ് പ്രശ്നത്തിന് പരിഹാരം കാണുമെന്ന് ഉറപ്പ് നൽകിയ സാഹചര്യത്തിൽ പരസ്യ പ്രതിഷേധം ഒഴിവാക്കണമെന്ന് മണ്ഡലം കമ്മിറ്റി യൂത്ത് ലീഗിനോട് ആവശ്യപ്പെട്ടതായും അറിയുന്നു. എന്നാൽ, തുടർന്നും കോഴ വാങ്ങിയാണ് അഡ്മിഷൻ നടപടികൾ നടക്കുന്നതെന്ന് കണ്ടെത്തിയാൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും യൂത്ത് ലീഗ് വ്യക്തമാക്കി.

Post a Comment

Thanks

Previous Post Next Post