പരപ്പനങ്ങാടി: പരപ്പനങ്ങാടി മുൻസിപ്പാലിറ്റി സംഘടിപ്പിച്ച 2025–26 വർഷത്തെ കേരളോത്സവത്തിൽ 113 പോയിന്റ് നേടി പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ് ഓവറോൾ ചാമ്പ്യന്മാരായി.
അത്‌ലറ്റിക്സ്, വടംവലി, കബഡി, ചെസ്, വിവിധ കലാമത്സരങ്ങൾ എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ് ഈ അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്.
വിജയികൾക്കുള്ള സമ്മാനദാനം പരപ്പനങ്ങാടി മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീമതി സുബൈദ ടീച്ചർ, വൈസ് ചെയർമാൻ ശ്രീ. ഷമീം കിഴക്കിനിയകത്ത്, നഗരസഭ കൗൺസിലർമാരായ ഫയറൂസ തസ്‌നീം.പി, റസാഖ് .എം, മുനീർ ബാബു.പി, മറ്റ് കൗൺസിലർമാർ എന്നിവർ ചേർന്ന് നിർവഹിച്ചു.
2020-ലെ കോവിഡ് കാലഘട്ടത്തിലാണ് പരപ്പനങ്ങാടി ചുടലപ്പറമ്പ് മൈതാനം ആസ്ഥാനമാക്കി പരപ്പനാട് വാക്കേഴ്സ് ക്ലബ്ബിന് തുടക്കമിട്ടത്. കലാ-കായിക മേഖലകളിൽ പുതുതലമുറയ്ക്ക് മികച്ച പരിശീലനം നൽകുകയും സംസ്ഥാന-ദേശീയ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചത്.
പ്രവർത്തനം ആരംഭിച്ച നാൾ മുതൽ ഇന്നുവരെ നിരവധി കായികതാരങ്ങളെ സംസ്ഥാന-കേന്ദ്ര സേനകളിലേക്ക് എത്തിക്കാൻ ക്ലബ്ബിന് സാധിച്ചിട്ടുണ്ട്. കായികരംഗത്തെ മികവിനൊപ്പം സാമൂഹിക പ്രതിബദ്ധതയോടെയും പ്രവർത്തിക്കുന്ന ക്ലബ്ബ്, വരാനിരിക്കുന്ന ജൂനിയർ, സീനിയർ അത്‌ലറ്റിക് മീറ്റുകളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുക എന്ന ലക്ഷ്യത്തോടെ അടുത്ത മാസം മുതൽ പരിശീലനം പുനരാരംഭിക്കുമെന്ന് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ കേലച്ചൻ കണ്ടിയും കൺവീനർ കെ. ടി. വിനോദും ഭാരവാഹികളും അറിയിച്ചു.
കേരളോത്സവത്തിലെ ഈ ഓവറോൾ ചാമ്പ്യൻഷിപ്പ് നേട്ടം പരപ്പനാട് വാക്കേഴ്സ് ക്ലബ്ബിന്റെ കായിക-സാംസ്കാരിക രംഗത്തെ മികവിനും തുടർച്ചയായ പ്രവർത്തനങ്ങൾക്കും ലഭിച്ച അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്.

Post a Comment
Thanks