സത്യസന്ധതയ്ക്ക് ആദരം: കളഞ്ഞുകിട്ടിയ സ്വർണ്ണവും പണവും തിരികെ നൽകിയ മൂസ്സക്കുട്ടിയെ ആദരിച്ചു


​തിരൂരങ്ങാടി: താലൂക്ക് ആശുപത്രി പരിസരത്തുനിന്ന് ലഭിച്ച വിലപിടിപ്പുള്ള സ്വർണ്ണാഭരണങ്ങളും പണവുമടങ്ങിയ പേഴ്സ് ഉടമസ്ഥന് തിരികെ നൽകി മാതൃകയായ താലൂക്ക് ആശുപത്രി  ജീവനക്കാരൻ മൂസ്സക്കുട്ടിയെ താലൂക്ക് ഡെവലപ്മെന്റ് ഫോറം തിരൂരങ്ങാടി ആദരിച്ചു.

​തിരൂരങ്ങാടി താലൂക്ക് ആശുപത്രി ഫാർമസി വിഭാഗത്തിലെ ക്ലീനിംഗ് സ്റ്റാഫായ പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി വെട്ടിക്കുത്തി മൂസ്സക്കുട്ടിയാണ് ഈ സത്യസന്ധതയിലൂടെ പ്രശംസ പിടിച്ചുപറ്റിയത്. ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ രോഗിക്ക് അബദ്ധത്തിൽ നഷ്ടപ്പെട്ട പേഴ്സ് ഫാർമസി പരിസരത്തുനിന്നാണ് മൂസ്സക്കുട്ടിക്ക് ലഭിക്കുന്നത്. പരിശോധിച്ചപ്പോൾ സ്വർണ്ണാഭരണങ്ങളും പണവും അടങ്ങിയിട്ടുണ്ടെന്ന് മനസ്സിലായതോടെ അദ്ദേഹം ഉടൻ തന്നെ വിവരം ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് സഹപ്രവർത്തകരുടെ സാന്നിധ്യത്തിൽ പേഴ്സ് യഥാർത്ഥ ഉടമസ്ഥന് സുരക്ഷിതമായി കൈമാറി.

​തിരൂരങ്ങാടി പോലീസ് എസ്.എച്ച്.ഒ. അനീഷ് മൂസ്സക്കുട്ടിക്ക് ഉപഹാരം സമർപ്പിച്ചു. അഷ്റഫ് കളത്തിങ്ങൽ പാറ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

അബ്ദുസ്സലാം മച്ചിങ്ങൽ, സലാഹുദ്ധീൻ വേങ്ങര, മുഷ്താഖ് കൊടിഞ്ഞി, സമീറ കൊളപ്പുറം, ആയിഷ ചുള്ളിപ്പാറ, ഹംസ പാറക്കടവ്, കോയ കൊല്ലഞ്ചേരി, റസാഖ് വി ,

എ.എസ്.ഐ മാരായ ഫൈസൽ, സുബൈർ എന്നിവർ സംബന്ധിച്ചു.

​കഴിഞ്ഞ എട്ട് വർഷമായി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ജീവനക്കാരനാണ് മൂസ്സക്കുട്ടി. ആദ്യകാലത്ത് സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തിരുന്ന അദ്ദേഹം നിലവിൽ താൽക്കാലിക ക്ലീനിംഗ് സ്റ്റാഫായി സേവനമനുഷ്ഠിച്ചു വരികയാണ്. മൂസ്സക്കുട്ടിയുടെ മാതൃകാപരമായ പ്രവർത്തനത്തെ ആശുപത്രി സ്റ്റാഫ് കൗൺസിലും  അഭിനന്ദിച്ചു.

Post a Comment

Thanks

Previous Post Next Post