1996 മുതൽ നിർമ്മാണം പൂർത്തിയായ വീടുകളും മറ്റ് കെട്ടിടങ്ങളും ഉൾപ്പെടെയുള്ളവയിൽ നിന്ന് നിർമ്മാണ തൊഴിലാളി ക്ഷേമനിധി സെസ് പിരിച്ചെടുക്കുന്നതിനുള്ള നടപടികൾ തൊഴിൽ വകുപ്പ് ഊർജ്ജിതമാക്കി. ഇതിന്റെ ഭാഗമായി ഓരോ മാസവും നിശ്ചിത എണ്ണം കെട്ടിട ഉടമകൾക്ക് നോട്ടീസ് നൽകി സെസ് ഈടാക്കാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ലഭ്യമായ കെട്ടിട വിവരങ്ങൾ പരിശോധിച്ചാണ് നോട്ടീസുകൾ തയാറാക്കുന്നത്. വർഷങ്ങൾക്ക് മുൻപ് വീട് നിർമ്മിച്ച സാധാരണക്കാരും ഇടത്തരക്കാരുമായ കുടുംബങ്ങൾ ഈ നീക്കത്തോടെ കടുത്ത ആശങ്കയിലായിരിക്കുകയാണ്.
1996-ൽ കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിലവിൽ വന്നതിനു ശേഷം നിർമ്മിച്ചതും, ഇതുവരെ സെസ് അടച്ചിട്ടില്ലാത്തതുമായ കെട്ടിടങ്ങളിൽ നിന്നാണ് ഇപ്പോൾ തുക ഈടാക്കുന്നത്. നിർമ്മാണ തൊഴിലാളികളുടെ പെൻഷൻ, ചികിത്സാ സഹായം, വിദ്യാഭ്യാസ ആനുകൂല്യങ്ങൾ, വിവാഹ സഹായം, മരണാനന്തര ധനസഹായം എന്നിവയ്ക്കുള്ള ഫണ്ട് സമാഹരണത്തിനായാണ് ഇത് വിനിയോഗിക്കുന്നത്. നിർമ്മാണച്ചെലവിന്റെ ഒരു ശതമാനമാണ് സെസായി ഈടാക്കുക.
പത്ത് ലക്ഷം രൂപയിൽ താഴെ നിർമ്മാണച്ചെലവുള്ള വീടുകളെ ഈ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ, വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച കെട്ടിടങ്ങളുടെ നിർമ്മാണച്ചെലവ് നിലവിലെ പൊതുമരാമത്ത് വകുപ്പിന്റെ നിരക്കുകൾക്കനുസരിച്ച് വിസ്തീർണം അടിസ്ഥാനമാക്കി കണക്കാക്കുമ്പോൾ വലിയ വീടുകളുടെ ഉടമകൾക്ക് ലക്ഷങ്ങൾ വരെ സെസ് ബാധ്യത വരാൻ സാധ്യതയുണ്ട്.
നോട്ടീസ് ലഭിച്ച് നിശ്ചിത സമയത്തിനുള്ളിൽ തുക അടയ്ക്കാത്തവർക്ക് വീണ്ടും നോട്ടീസ് നൽകും. അതിനുശേഷവും കുടിശ്ശിക വരുത്തിയാൽ 24 ശതമാനം വരെ പലിശ ഈടാക്കാനും തുടർന്ന് റവന്യൂ റിക്കവറി നടപടികളിലേക്ക് കടക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. വായ്പയെടുത്ത് വീട് നിർമ്മിച്ച് കഷ്ടപ്പെടുന്ന സാധാരണക്കാർക്ക് ഈ വൻ തുക വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്നതിനാൽ, സെസ് തുക ഒരുമിച്ച് അടയ്ക്കുന്നതിന് പകരം കൂടുതൽ ഗഡുക്കളായി അടയ്ക്കാനുള്ള സൗകര്യം അനുവദിക്കണമെന്ന ആവശ്യം പൊതുജനങ്ങൾക്കിടയിൽ ശക്തമായിട്ടുണ്ട്.
إرسال تعليق
Thanks