ബഡ്‌സ് സ്‌കൂള്‍ ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി ആവിഷ്‌ക്കരിക്കും; 50 ബഡ്‌സ് സ്‌കൂളുകള്‍ മാതൃക സ്‌കൂളുകളാക്കും. ഷാജി
വേങ്ങര:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ബഡ്‌സ് സ്‌കൂള്‍ ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി ആവിഷ്‌ക്കരിക്കുമെന്നും 50 ബഡ്‌സ് സ്‌കൂളുകളെ മാതൃകാ ബഡ്‌സ് സ്‌കൂളുകളാക്കി മാറ്റുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം.ഷാജി. വേങ്ങര എ.ആര്‍.നഗര്‍ ബ്ലിസ് ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂളില്‍ ബഡ്‌സ് സ്‌കൂള്‍, ബഡ്‌സ് റിഹാബിലിറ്റേഷന്‍ എന്നിവയുടെ സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 'ബഡ്‌സ് സ്‌കൂളിലെ കുട്ടികളെ താമസിപ്പിക്കാനും പരിപാലിക്കാനുമുളള സര്‍ക്കാര്‍ പദ്ധതികളും ആലോചനയിലാണ്. നിലവിലുള്ള ബഡ്‌സ് സ്‌കൂള്‍ സംവിധാനങ്ങളും പദ്ധതികളും എത്രമാത്രം കാര്യക്ഷമമാണ്, എങ്ങനെ കൃത്യമായി നടപ്പിലാക്കാം എന്നതില്‍ ഓഡിറ്റ് നടത്തും'- മന്ത്രി പറഞ്ഞു. സ്ത്രീ ശാക്തീകരണത്തില്‍ കുടുംബശ്രീയുടെ പ്രാധാന്യം എടുത്തു പറഞ്ഞ മന്ത്രി സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുന്ന പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ബഡ്‌സ് സ്‌കൂളിലെ കുരുന്നുകളുടെ അമ്മമാര്‍ റിയല്‍ ഹീറോസ് ആണെന്നും അവരുടെ മാനസികാരോഗ്യത്തിന് വേണ്ടിയുള്ള കാര്യങ്ങള്‍ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.
ഭിന്നശേഷി കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പകല്‍സമയ പരിപാലനം, സവിശേഷ വിദ്യാഭ്യാസം, പരിശീലനങ്ങള്‍, തെറാപ്പികള്‍, പുനരധിവാസ കേന്ദ്രങ്ങള്‍, നൈപുണ്യ വികസന പരിശീലനം എന്നിവയൊരുക്കി തദ്ദേശ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന 187 ബഡ്‌സ് സ്‌കൂളുകളും 218 ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്ററുകളുമാണ് സംസ്ഥാനത്തുള്ളത്. 13895 പരിശീലനാര്‍ഥികളാണ് സംസ്ഥാനത്തെ ബഡ്‌സ് സ്ഥാപനങ്ങളിലുള്ളത്. ഇവയിലേക്കുള്ള സംസ്ഥാനതല പ്രവേശനോത്സവമാണ് മന്ത്രി കെ.എം.ഷാജി ഉദ്ഘാടനം ചെയ്തത്.
മലപ്പുറം ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ ബഡ്‌സ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ അണിനിരന്ന ഘോഷയാത്ര ഉദ്ഘാടനത്തിന് മുന്നോടിയായി നടന്നു. സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനായി കളിച്ച ഫാസില്‍ ഊര്‍ങ്ങാട്ടിരി ഉള്‍പ്പെടെ വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചവര്‍ക്ക് മന്ത്രി ഉപഹാരം നല്‍കി. ഉദ്ഘാടന ചടങ്ങില്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ.ജബ്ബാര്‍ ഹാജി അധ്യക്ഷത വഹിച്ചു. സല്‍മാന്‍ കുറ്റിക്കോട് സെലിബ്രിറ്റി അതിഥിയായി പങ്കെടുത്തു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ സ്വാഗതവും കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ബി.സുരേഷ് കുമാര്‍ നന്ദിയും പറഞ്ഞു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മന്‍സൂര്‍ കോയ തങ്ങള്‍, അബ്ദുറഹ്‌മാന്‍ നഗര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലൈല പുല്ലൂണി, അബ്ദുറഹ്‌മാന്‍ നഗര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുസ്തഫ പുള്ളിശ്ശേരി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.കെ.അസ്‌ലു, വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ബഡ്‌സ് വിദ്യാര്‍ഥികള്‍, ഉദ്യോഗസ്ഥര്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
إرسال تعليق
Thanks