കോഴിക്കോട്: ഭർതൃപീഡനം ദേശീയ തലത്തിൽ കുറഞ്ഞപ്പോൾ കേരളത്തിൽ കൂടിയെന്ന് ദേശീയ കുടുംബാരോഗ്യ സർവേ. കുടുംബാരോഗ്യരംഗത്ത് പുരോഗതി കാണിക്കുന്ന സർവേ- 6ന്റെ ഫലം കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്.
2023-24 വർഷത്തെ വിവരങ്ങളെ അടിസ്ഥാനമാക്കിയ സർവേയാണിത്. സർവേ അഞ്ച് നടന്നത് 2019-20ലാണ്. ഭർതൃപീഡനത്തിനിരയായ സ്ത്രീകളുടെ എണ്ണം 29.2 ശതമാനത്തിൽ നിന്ന് 22.3 ആയി കുറഞ്ഞപ്പോൾ കേരളത്തിൽ വർധിച്ചു. 9.8ൽ നിന്ന് 17.7 ശതമാനമായാണ് വർധന. മർദനമേറ്റ ഗർഭിണികൾ 0.5ൽ നിന്ന് 1.7ശതമാനമായി. ലൈംഗിക പീഡനമേൽക്കുന്നവരുടെ എണ്ണത്തിൽ 0.3 ശതമാനം വർധനവും രേഖപ്പെടുത്തി. രാജ്യത്താകെ മദ്യപിക്കുന്നവരുടെയും പുകയില ഉപയോഗിക്കുന്നവരുടെയും എണ്ണം കുറഞ്ഞു. ഇത് കേരളത്തിൽ സ്ത്രീകളിൽ 2.2 ശതമാനം തുടരുമ്പോൾ പുരുഷൻമാരിൽ 16.9 എന്നത് 15.9 ആയി. മദ്യപിക്കുന്ന സ്ത്രീകൾ 0.2ൽ നിന്ന് 0.3 ആയും പുരുഷൻമാർ 19.9ൽ നിന്ന് 22.7 ആയും വർധിച്ചു. പ്രസവത്തിന് ആരോഗ്യ കേന്ദ്രങ്ങളെ സമീപിക്കുന്ന രീതി കൂടി എന്ന് സർവേ പറയുന്നു. ആശുപത്രി പ്രസവം 88.6ൽ നിന്ന് 90.6 ആയി വർധിച്ചു. എന്നാൽ സർക്കാർ ആശുപത്രികളേക്കാൾ സ്വകാര്യആശുപത്രികളെയാണ് ആശ്രയിക്കുന്നത്. പൊതുജനാരോഗ്യകേന്ദ്രത്തെ സമീപിക്കുന്നത് കുറയുകയാണുണ്ടായത്. വസാന സർവേ കാലത്ത് 61.9 പേർ സർക്കാർ ആശുപത്രികളെ ആശ്രയിച്ചപ്പോൾ ഇപ്പോൾ 58.6 ആയി.
സ്വകാര്യ ആശുപത്രിയിലായാലും സർക്കാർ ആശുപത്രിയിലായാലും സിസേറിയൻ വർധിച്ചു. സ്വകാര്യ ആശുപത്രിയിലെ സിസേറിയൻ 47.4ൽ നിന്ന് 54.1ആയും സർക്കാർ ആശുപത്രികളിലേത് 14.3ൽ നിന്ന് 16.9 ആയും വർധിച്ചു. ദേശീയതലത്തിൽ അഞ്ചു വയസിൽ താഴെയുള്ളവരുടെ എണ്ണം 8.2ൽ നിന്ന് 8 ആയപ്പോൾ 15 വയസ്സിൽ താഴെയുള്ളവർ 26.5ൽ നിന്ന് 25.5 ആയി. അതേ സമയം 60 കഴിഞ്ഞവരുടെ എണ്ണം 11.8ൽ നിന്ന് 12.9 ആയി. കേരളത്തിൽ അഞ്ചു വയസ്സിന് താഴെയുള്ളവരുടെ എണ്ണത്തിൽ മാറ്റമില്ല. എന്നാൽ 60 കഴിഞ്ഞവരുടെ എണ്ണം 18.6ൽ നിന്ന് 20.7 ആയി വർധിച്ചു. പത്തുവർഷമെങ്കിലും സ്‌കൂളിൽ പോയവരുടെ എണ്ണത്തിൽ അഞ്ചു ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തി. കേരളത്തിൽ ഇത് ഒമ്പത് ശതമാനം വർധനവാണ്. ഇന്റർനെറ്റ് ഉപയോഗിച്ച സ്ത്രീകളുടെ എണ്ണം 61.1ൽ 87.3 ആയി. 18ന് മുമ്പ് വിവാഹിതരാവുന്നവർ 23.3ൽ നിന്ന് 20.1ആയി കുറഞ്ഞു. പ്രജനന നിരക്കിൽ ഒരു സ്ത്രീ രണ്ട് പ്രസവിക്കുന്നുവെന്നാണ് കണക്ക്. സ്ത്രീകളിലെ വന്ധ്യംകരണം 37.9ൽ നിന്ന് 36.5 ആയി താഴ്ന്നപ്പോൾ പുരുഷൻമാരുടേത് 0.3ൽ നിന്ന് 0.5ആയി. കേരളത്തിൽ പതിനെട്ടിന് മുമ്പ് വിവാഹിതരാവുന്ന സ്ത്രീകൾ 6.3ൽ നിന്ന് 2.9ലേക്ക് താണു. സംസ്ഥാനത്തിന്റെ പ്രജനന നിരക്ക് 1.8ൽ തുടരുന്നു. ജീവിതശൈലിരോഗങ്ങളിൽ കേരളം ഏറെ മുന്നിലാണ്. രാജ്യത്തെ സ്ത്രീകളിൽ പൊണ്ണത്തടി 24ൽ നിന്ന് 30.7 ആയും പുരുഷൻമാരിൽ 22.9ൽ നിന്ന് 27.3 ആയും വർധിച്ചപ്പോൾ കേരളത്തിൽ സ്ത്രീകളിൽ 38.2ൽ നിന്ന് 46.7 ആയും പുരുഷൻമാരിൽ 36.4ൽ നിന്ന് 37 ആയും വർധിച്ചു. ദേശീയതലത്തിൽ സ്ത്രീകളിൽ കടുത്ത പ്രമേഹം ഉള്ളവരുടെ എണ്ണം 13.5ൽ നിന്ന് 17.8 ആയും പുരുഷൻമാരിൽ 15.6ൽ നിന്ന് 20.9 ആയും വർധിച്ചു. സംസ്ഥാനത്ത് സ്ത്രീകളിൽ പ്രമേഹം 24.8ൽ നിന്ന് 28.9 ആയും പുരുഷൻമാരിൽ 27ൽ നിന്ന് 31.9 ആയുമാണ് വർധിച്ചത്.
إرسال تعليق
Thanks