സ്വർണവില ഉച്ചക്ക് കുത്തനെ വീണു; കേരളത്തിലും കനത്ത ഇടിവ്, വില ഇനിയും താഴും?


സ്വർണവില വീണ്ടും ഇടിയുന്നു. കേരളത്തിൽ ഇന്ന് ഉച്ചയ്ക്ക് ഗ്രാമിന് 145 രൂപ കുറ‍ഞ്ഞ് വില 13,705 രൂപയായി. 1160 രൂപ താഴ്ന്ന് 1,09,640 രൂപയാണ് പവൻവില. രാവിലെ സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. എങ്കിലും, രാജ്യാന്തര വില താഴേക്കു നീങ്ങുന്നതിനാൽ ഇന്നു തന്നെ കേരളത്തിലെ വിലയും ഇടിയുമെന്ന്  ചൂണ്ടിക്കാട്ടിയിരുന്നു. 


രാവിലെ ഔൺസിന് 4380 ഡോളറായിരുന്ന രാജ്യാന്തര വില ഇപ്പോഴുള്ളത് 4268 ഡോളറിൽ. 100 ഡോളറിലധികം നഷ്ടം ഇന്നുതന്നെ നേരിട്ടു. ഇതാണ് കേരളത്തിലെ വിലയും കുറയാൻ വഴിയൊരുക്കിയത്. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ പണനയ പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്വർണത്തിന്റെ വീഴ്ച. പലിശനിരക്കിൽ‌ മാറ്റംവരുത്തിയില്ലെങ്കിലും 2026ൽ തന്നെ പലിശനിരക്ക് കൂട്ടുമെന്ന സൂചന യുഎസ് ഫെഡ് നൽകിയിട്ടുണ്ട്. ഇതിനുപിന്നാലെ ഡോളർ കരുത്താർജ്ജിച്ചത് സ്വർണത്തിന് തിരിച്ചടിയാവുകയായിരുന്നു. ഈ ട്രെൻഡ് നിലനിന്നാൽ, സ്വർണവില കൂടുതൽ താഴേക്ക് നീങ്ങാം.


കേരളത്തിൽ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം 18 കാരറ്റ് സ്വർണവില ഉച്ചയ്ക്ക് ഗ്രാമിന് 125 രൂപ ഇടിഞ്ഞ് 11,320 രൂപയായി. വെള്ളിവില ഉച്ചയ്ക്കും മാറിയില്ല; ഗ്രാമിന് 260 രൂപ.


കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) ഗ്രാമിന് 115 രൂപ കുറച്ച് 11,265 രൂപയാണ് 18 കാരറ്റ് സ്വർണത്തിന് നിശ്ചയിച്ചത്. വെള്ളിക്ക് ഇവരും വില പരിഷ്കരിച്ചില്ല. 14 കാരറ്റ് സ്വർണവില ഗ്രാമിന് 95 രൂപ കുറഞ്ഞ് 8770 രൂപയായി. 60 രൂപ കുറഞ്ഞ് 5655 രൂപയാണ് 9 കാരറ്റ് വില.

Post a Comment

Thanks

Previous Post Next Post