ലഹരി ഉപയോഗിച്ച ശേഷം ലോറിയിൽ മരണപ്പാച്ചിൽ; പോലീസുകാരെയും നിരവധി വാഹനങ്ങളെയും ഇടിച്ചുതെറിപ്പിച്ചു; ഡ്രൈവറുടെ താണ്ഡവം


മലപ്പുറം മങ്കടയിൽ പോലീസ് വാഹനം ഉൾപ്പെടെ നിരവധി വാഹനങ്ങളിൽ ഇടിച്ച് നിർത്താതെ പാഞ്ഞ ലോറി സിനിമയെ വെല്ലുന്ന രീതിയിൽ പിന്തുടർന്ന് പിടികൂടി. നാട്ടുകാരും പോലീസും ചേർന്ന് സാഹസികമായാണ് ലോറി തടഞ്ഞ് നിർത്തി ഡ്രൈവറെ കസ്റ്റഡിയിലെടുത്തത്. വയനാട് മാനന്തവാടി വിമലാ നഗർ സ്വദേശി പൊന്നാട്ടിൽ ഡോണിഷ് (38) ആണ് പിടിയിലായത്. ലഹരിക്ക് അടിമപ്പെട്ടാണ് ഇയാൾ ലോറിയോടിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു.


അറസ്റ്റ് ചെയ്ത് മങ്കട പോലീസ് സ്റ്റേഷനിൽ എത്തിച്ചതിന് പിന്നാലെ പ്രതി സ്റ്റേഷനകത്ത് കടുത്ത അക്രമം അഴിച്ചുവിട്ടു. കൺട്രോൾ റൂമിലും സെല്ലിലും അതീവ അക്രമാസക്തനായ ഡോണിഷ്, ലോക്കപ്പ് സെല്ലിനുള്ളിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി (CCTV) ക്യാമറകൾ അടിച്ച് തകർത്തു. ഇയാളെ തടയാൻ ശ്രമിച്ച ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ അബ്ദുൾ സത്താറിന് അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റു. സ്റ്റേഷനിലുണ്ടായിരുന്ന മറ്റ് ചില പോലീസുകാർക്കും നിസ്സാര പരിക്കേറ്റിട്ടുണ്ട്. തുടർന്ന് കൂടുതൽ പോലീസുകാരെത്തി ബലം പ്രയോഗിച്ചാണ് ഇയാളെ കീഴടക്കിയത്. പരിക്കേറ്റ ഉദ്യോഗസ്ഥരെയും പ്രതിയെയും മങ്കട സർക്കാർ ആരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി.


മങ്കട ഒപ്പാല അങ്ങാടി മുതൽ പോലീസിനെയും നാട്ടുകാരെയും ഭീതിയിലാഴ്ത്തിയായിരുന്നു പ്രതിയുടെ ലോറി പാച്ചിൽ. ഇയാൾ ഓടിച്ച ലോറി തട്ടി പരിക്കേറ്റവരും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചവരുമായ സ്ത്രീകളടക്കം നിരവധി നാട്ടുകാർ ഇതിനോടകം തന്നെ പരാതികളുമായി മങ്കട പോലീസ് സ്റ്റേഷനിൽ എത്തിയിട്ടുണ്ട്. പൊതുമുതൽ നശിപ്പിച്ചതിനും, പോലീസുകാരെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി മർദ്ദിച്ചതിനും, ലഹരി ഉപയോഗിച്ച് അലക്ഷ്യമായി വാഹനം ഓടിച്ചതിനും (മാരകമായ അപകടമുണ്ടാക്കൽ) ഉൾപ്പെടെ നിരവധി ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ഡോണിഷിനെതിരെ കേസെടുത്തിട്ടുള്ളത്. പ്രതിയെ ഇന്ന് മലപ്പുറം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.


Post a Comment

Thanks

Previous Post Next Post