മലപ്പുറം: മമ്പുറം ഖുഥ്ബുസ്സമാൻ സയ്യിദ് അലവി മൗലദ്ദവീല അല്‍ഹുസൈനി തങ്ങളുടെ 188ാം ആണ്ടുനേർച്ചക്ക് ഇന്ന് മമ്പുറം മഖാമില്‍ തുടക്കമാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.ഇന്ന് അസ്വർ നിസ്കാരാനന്തരം പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന സിയാറത്തിനും കൂട്ടപ്രാർഥനക്കും ശേഷം സയ്യിദ് അഹ്മദ് ജിഫ്രി തങ്ങള്‍ (മമ്പുറം) കൊടി ഉയർത്തുന്നതോടെയാണ് ആണ്ടുനേർച്ചക്ക് തുടക്കമാവുക.
രാത്രി മജ്ലിസുന്നൂർ ആത്മീയ സദസിന് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. ഹസൻ സഖാഫി പൂക്കോട്ടൂർ ആമുഖഭാഷണം നിർവഹിക്കും. മമ്പുറം മഹല്ല് ഇഹ്സാസുല്‍ ഇസ്ലാം സംഘം പ്രസിഡന്റ് കെ.എം അബ്ദു ഹാജി, സെക്രട്ടറി എ.കെ മൊയ്തീൻ കുട്ടി, ട്രഷറർ എം. ഇബ്രാഹീം ഹാജി എന്നിവർ ആശംസകളർപ്പിക്കും.
നാളെ രാത്രി മമ്പുറം സ്വലാത്തിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കും. വെള്ളി, ശനി, ഞായർ, തിങ്കള്‍ ദിവസങ്ങളില്‍ രാത്രി 7.30ന് മതപ്രഭാഷണങ്ങള്‍ നടക്കും. 19ന് പാണക്കാട് റശീദലി ശിഹാബ് തങ്ങള്‍ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യും. അബ്ദുസമദ് പൂക്കോട്ടൂർ പ്രഭാഷണം നടത്തും. 20ന് പാണക്കാട് ബശീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനവും മുനീർ ഹുദവി വിളയില്‍ പ്രഭാഷണവും നിർവഹിക്കും. 21ന് പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. നവാസ് മന്നാനി പനവൂർ സംസാരിക്കും. 22ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിർവഹിക്കും. സൈനുല്‍ ആബിദ് ഹുദവി ചേകന്നൂർ പ്രഭാഷണം നടത്തും.
20ന് രാവിലെ 10ന് 'മലബാറിന്റെ ജാതിവിരുദ്ധ മുന്നേറ്റങ്ങളും മമ്പുറം തങ്ങൻമാരും' എന്ന വിഷയത്തില്‍ നടക്കുന്ന ചരിത്ര സെമിനാറിലെ ഒന്നാം സെഷൻ മന്ത്രി കെ.എം ഷാജി ഉദ്ഘാടനം ചെയ്യും. ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി അധ്യക്ഷനാകും. മമ്പുറം തങ്ങള്‍ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ആൻഡ് ഹെറിറ്റേജ് സ്റ്റഡീസിന്റെ പ്രഥമ 'മമ്പുറം തങ്ങള്‍ പൈതൃക പുരസ്കാരം' പ്രമുഖ ഭാഷാ ഗവേഷകനും ഗ്രന്ഥകാരനുമായ കെ. അബൂബക്കറിന് സെമിനാറില്‍ കൈമാറും. ഉച്ചയ്ക്ക് രണ്ടിനു ശേഷം 'മമ്പുറം തങ്ങള്‍: ആത്മീയത, പോരാട്ടം, പാരസ്പര്യം' എന്ന വിഷയത്തില്‍ നടക്കുന്ന ഹിസ്റ്ററി കോണ്‍ഫറൻസ് ഡോ. എം.പി അബ്ദുസമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്യും.
إرسال تعليق
Thanks