പ്ലസ് വണ്‍ അഡ്മിഷൻ: രണ്ടാം അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു; പ്രവേശനം ഇന്ന് മുതല്‍


തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള മെറിറ്റ് ക്വാട്ട മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു.


അലോട്ട്മെന്റ് വിവരങ്ങള്‍ പ്രവേശന വെബ്സൈറ്റായ www.hscap.kerala.gov.in-ലെ 'Candidate Login-SWS' വഴി 'Second Allot Results' എന്ന ലിങ്കിലൂടെ പരിശോധിക്കാം.


ഇന്ന് രാവിലെ ( ജൂണ്‍ 22 തിങ്കളാഴ്ച ) 10 മണി മുതല്‍ വിദ്യാർഥികള്‍ക്ക് സ്കൂളുകളില്‍ പ്രവേശനം നേടാനാകും. ജൂണ്‍ 23 ചൊവ്വാഴ്ച വൈകിട്ട് 5 മണി വരെയാണ് അഡ്മിഷൻ ലഭിക്കുക.


⭕വിദ്യാർഥികള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍:

രേഖകള്‍: അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികള്‍ കാൻഡിഡേറ്റ് ലോഗിനില്‍ നിന്നുള്ള അലോട്ട്മെന്റ് ലെറ്ററില്‍ പറയുന്ന സ്കൂളില്‍ രക്ഷകർത്താവിനൊപ്പം അസ്സല്‍ (Original) സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റർ അതത് സ്കൂളുകളില്‍ നിന്ന് പ്രിന്റ് ചെയ്ത് നല്‍കുന്നതാണ്.


താല്‍ക്കാലിക പ്രവേശനം നേടിയവർ: ഒന്നാം അലോട്ട്മെന്റില്‍ താല്‍ക്കാലിക പ്രവേശനം നേടുകയും, ഈ അലോട്ട്മെന്റില്‍ ഉയർന്ന ഓപ്ഷനുകള്‍ ലഭിക്കാതിരിക്കുകയും ചെയ്തവർക്ക് പുതിയ അലോട്ട്മെന്റ് ലെറ്ററിന്റെ ആവശ്യമില്ല.


ഒന്നാം ഓപ്ഷൻ ലഭിച്ചവർ: മെറിറ്റ് ക്വാട്ടയില്‍ ഒന്നാം ഓപ്ഷൻ ലഭിച്ച വിദ്യാർഥികള്‍ നിർബന്ധമായും ഫീസടച്ച്‌ സ്ഥിരപ്രവേശനം നേടണം. അലോട്ട്മെന്റ് ലെറ്ററില്‍ രേഖപ്പെടുത്തിയ ഫീസ് മാത്രമേ നല്‍കേണ്ടതുള്ളൂ.


താഴ്ന്ന ഓപ്ഷൻ ലഭിച്ചവർ: ഇവർക്ക് താല്‍ക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ തിരഞ്ഞെടുക്കാം.


ശ്രദ്ധിക്കുക: അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാർഥികളെ തുടർന്നുള്ള അലോട്ട്മെന്റുകളില്‍ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. സ്കൂളുകളിലെ കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങളും വെബ്സൈറ്റില്‍ ലഭ്യമാണ്.


മോഡല്‍ റെസിഡൻഷ്യല്‍, സ്പോർട്സ് ക്വാട്ട അലോട്ട്മെന്റ്

മോഡല്‍ റെസിഡൻഷ്യല്‍ സ്കൂളുകളിലേക്കുള്ള രണ്ടാം അലോട്ട്മെന്റ് ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'Candidate Login-MRS' വഴി ഫലം പരിശോധിക്കാം. അലോട്ട്മെന്റ് ലഭിച്ചവർ ജൂണ്‍ 22 രാവിലെ 10 മണി മുതല്‍ ജൂണ്‍ 23 വൈകിട്ട് 5 മണിക്ക് മുൻപായി സ്കൂളുകളില്‍ പ്രവേശനം നേടണം.


സ്പോർട്സ് ക്വാട്ട ഒന്നാം അലോട്ട്മെന്റ് ഫലവും പ്രസിദ്ധീകരിച്ചു. 'Candidate Login-Sports' വഴിയാണ് ഫലം അറിയേണ്ടത്. ജൂണ്‍ 22 മുതല്‍ 23 വൈകിട്ട് 5 മണി വരെയാണ് സ്പോർട്സ് ക്വാട്ട പ്രവേശനം നടക്കുക.


Post a Comment

Thanks

Previous Post Next Post