തിരൂരങ്ങാടി: പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി തിരൂരങ്ങാടി ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ സംഘടിപ്പിച്ച "മെറിറ്റ് ഫെസ്റ്റ് 2026" ശ്രദ്ധേയമായി. സ്‌കൂൾ മാനേജ്മെൻ്റിന്റെയും പി.ടി.എ കമ്മിറ്റിയുടെയും നേതൃത്വത്തിൽ നടന്ന ചടങ്ങ് തിരൂർ സബ് കളക്ടർ ദിലീപ് കെ. കൈനിക്കര IAS ഉദ്ഘാടനം ചെയ്തു.
വിദ്യാർത്ഥികളുമായി ഹൃദയസ്പർശിയായ അനുഭവങ്ങൾ പങ്കുവെച്ച അദ്ദേഹം തന്റെ വിദ്യാർത്ഥി ജീവിതത്തിലെ വെല്ലുവിളികളും വിജയത്തിലേക്കുള്ള യാത്രയും അനുസ്മരിച്ചു. സ്വപ്നങ്ങൾക്ക് വ്യക്തമായ ലക്ഷ്യവും ആത്മവിശ്വാസവും കഠിനാധ്വാനവും കൂട്ടായാൽ ഏത് ഉയരവും കീഴടക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. പരാജയങ്ങളെ ഭയക്കാതെ മുന്നേറുകയും സമൂഹത്തിന് മാതൃകയാകുന്ന വ്യക്തിത്വങ്ങളായി വളരുകയും ചെയ്യണമെന്ന് അദ്ദേഹം വിദ്യാർത്ഥികളെ ഉപദേശിച്ചു.
ചടങ്ങിൽ മുഖ്യാതിഥിയായ സ്‌കൂൾ മാനേജർ എം. കെ. ബാവ സാഹിബ് സംസാരിച്ചു. ഈ വർഷം പ്ലസ് ടു പരീക്ഷയിൽ സ്‌കൂൾ കൈവരിച്ച മികച്ച വിജയത്തിൽ അദ്ദേഹം സന്തോഷം രേഖപ്പെടുത്തി. അക്കാദമിക മികവിനൊപ്പം മൂല്യബോധവും സാമൂഹിക പ്രതിബദ്ധതയും വളർത്തുന്ന വിദ്യാഭ്യാസമാണ് ഓറിയൻ്റൽ സ്‌കൂൾ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഓറിയൻ്റൽ സ്‌കൂളിന്റെ പൂർവ വിദ്യാർത്ഥികളും പ്രമുഖ ഡോക്ടർമാരുമായ ഡോ. ഹാരിസ് കെ. ആർ, ഡോ. റിയാസ് മൊയ്തീൻ പത്തൂർ എന്നിവർ വിദ്യാർത്ഥികളുമായി അനുഭവങ്ങൾ പങ്കുവെച്ചു. പഠനകാലത്തെ ഓർമ്മകളും തൊഴിൽജീവിതത്തിലെ അനുഭവങ്ങളും പങ്കുവെച്ച അവർ, കഠിനാധ്വാനവും ആത്മവിശ്വാസവും വിജയത്തിന്റെ അടിസ്ഥാന ഘടകങ്ങളാണെന്ന് ഓർമ്മിപ്പിച്ചു. അവരുടെ വാക്കുകൾ വിദ്യാർത്ഥികൾക്ക് വലിയ പ്രചോദനമായി.
പ്രിൻസിപ്പാൾ ഒ. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ കെ. കെ. ഉസ്മാൻ, പി.ടി.എ പ്രസിഡന്റ് റഷീദ് കാരാടൻ, സ്റ്റാഫ് സെക്രട്ടറി ടി. സാലിം, യു.ടി അബൂബക്കർ, പി.ജാഫർ, കെ.വി. സാബിറ , കെ.കെ. നുസ്റത്ത്, എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർമാരായ മുനീർ താനാളൂർ, ടി.വി.ആയി ശാബി, പി ഇസ്മായിൽ,പി.വി. ഹുസൈൻ. ബി. ഹാരിഷ് ബാബു, ടി. അസ്സൻകോയ, ടി. ഫഹീദ, ഇ.എം സൗദ, കെ. എം. മുബീന ,സി.എച്ച് സുമൈറ, പി.പി. ഫൈസൽ അലി , കെ.ടി. നജീബ്, മുഹമ്മദലി ജൗഹർ , റിഫ,
പി. നബീൽ, വി.പി. ബഷീർ, പി. ഹംസക്കോയ, എ.ഉസ്മാൻ എന്നിവർ ഉൾപ്പെടെ എൻ.എസ്. എസ് വളണ്ടിയർമാരും, സകൗട്ട്സ്, റൈഞ്ചേഴ്സ് വിദ്യാർത്ഥികളും രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു.
മെറിറ്റ് ഫെസ്റ്റിന്റെ ഭാഗമായി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികളെയും ഉപഹാരങ്ങളും മൊമെന്റോകളും നൽകി ആദരിച്ചു. പരിപാടിയുടെ പ്രത്യേക ആകർഷണമായി സബ് കളക്ടർ മെറിറ്റ് ജേതാക്കളായ വിദ്യാർത്ഥികളോടും അധ്യാപകരോടും ചേർന്ന് ഫോട്ടോ സെഷനിൽ പങ്കെടുത്തു. ഓരോ വിദ്യാർത്ഥിയോടും സൗഹൃദപരമായി സംവദിക്കുകയും അവരുടെ ഭാവി ലക്ഷ്യങ്ങളെക്കുറിച്ച് ചോദിച്ചറിയുകയും ചെയ്ത ശേഷമാണ് അദ്ദേഹം മടങ്ങിയത്. സബ് കളക്ടറുടെ ഈ സ്നേഹപൂർവമായ ഇടപെടൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മറക്കാനാകാത്ത അനുഭവമായി.
വിദ്യാർത്ഥികളുടെ നേട്ടങ്ങളെ ആഘോഷിക്കുകയും പുതിയ ഉയരങ്ങൾ ലക്ഷ്യമിടാൻ പ്രചോദനം നൽകുകയും ചെയ്ത മെറിറ്റ് ഫെസ്റ്റ് 2026, ഓറിയൻ്റൽ സ്‌കൂളിന്റെ അക്കാദമിക മികവിനും വിദ്യാർത്ഥികേന്ദ്രിത പ്രവർത്തനങ്ങൾക്കും കൂടുതൽ മാറ്റുകൂട്ടുന്നതായി.
Post a Comment
Thanks