തിരൂരങ്ങാടി:സാക്ഷരതാപ്രസ്ഥാനത്തിലൂടെയും ഭിന്നശേഷി -സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളിലൂടെയും അന്താരാഷ്ട്ര തലത്തിൽ അംഗീകാരങ്ങൾ നേടുകയും രാജ്യം പത്മശ്രീ നൽകി ആദരിക്കുകയും ചെയ്ത അന്തരിച്ച പത്മശ്രീ കെ.വി. റാബിയയുടെ സ്മരണക്കായി സിഗ്നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദി ഏർപ്പെടുത്തിയ പ്രഥമ പത്മശ്രീ കെ.വി. റാബിയ സ്മാരക സേവന രത്ന പുരസ്കാരത്തിന് ഡോ: എം.എ. കബീറും കെ.വി. റാബിയ സ്മാരക കർമ്മ ശ്രേഷ്ട പുരസ്കാരത്തിന് എൻ.എം.റഫീഖും തെരഞ്ഞെടുക്കപ്പെട്ടു. സാമൂഹ്യ-സാംസ്കാരിക മേഖലയിലും ഭിന്നശേഷി മേഖലയിലും ജീവകാരുണ്യ മേഖലകളിലും സ്ത്രീ ശാക്തീകരണ മേഖലകളിലും നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.
വീട് വെക്കാൻ ഭൂമിയില്ലാത്ത 18 കുടുംബങ്ങൾക്ക് സൗജന്യമായി നാല് സെന്റ് വീതം ഭൂമി നൽകുകയും ഭിന്നശേഷി കുട്ടികൾ പഠിക്കുന്ന വിവിധ സ്പെഷ്യൽ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും യൂണിഫോം നൽകിയും വിനോദ കേന്ദ്രങ്ങളിലേക്ക് വിനോദ യാത്രകൾ സംഘടിപ്പിച്ചും കാഴ്ച പരിമിതരെ ചേർത്ത് പിടിച്ച് അവരുടെ സംഗമങ്ങൾ സംഘടിപ്പിച്ചും കാഴ്ച പരിമിതിയുള്ള രോഗികൾക്ക് മാസാന്ത ചികിൽസാ സഹായം നൽകിയും അവരുടെ മക്കൾക്ക് വിദ്യാഭ്യാസ കിറ്റുകൾ നൽകിയും അഗതികളായ മുന്നോറോളം സ്ത്രീകൾക്ക് മാസാന്ത പെൻഷൻ 1250 രൂപ വീതം നൽകുന്ന പദ്ധതി ഒരുക്കിയും കിടപ്പ് രോഗികളെ പരിചരിക്കുന്ന പാലിയേറ്റീവ് നഴ്സുമാരെ ചേർത്ത് പിടിച്ച് അവരെ ആദരിക്കുകയും പ്രോൽസാഹനങ്ങൾ നൽകിയും ശ്രദ്ധേയ പ്രവർത്തനങ്ങളാണ് സേവന രത്ന പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട ഡോ: എം.എ. കബീർ നടത്തിവരുന്നത്. പരപ്പനങ്ങാടി പാലത്തിങ്ങൽ സ്വദേശിയാണ്.
സാമൂഹ്യ-സാംസ്കാരിക- വിദ്യാഭ്യാസ - ഭിന്നശേഷി -സ്ത്രീ ശാക്തീകരണ മേഖലകളിൽ നിറ സാന്നിധ്യമായ മുൻ മൂന്നിയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ കൂടിയാണ് കർമ്മ ശ്രേഷ്ഠ പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട എൻ.എം.റഫീഖ്. വോയ്സ് ഓഫ് കുന്നത്ത് പറമ്പ് കൂട്ടായ്മയിലൂടെ ഭിന്നശേഷി ശാക്തീകരണ പ്രവർത്തനങ്ങൾ തുടങ്ങിയ റഫീഖ് ഗ്രാമ പഞ്ചായത്ത് മെമ്പറായതിന് ശേഷം പഞ്ചായത്തിലെ തന്നെ മാതൃകാ പ്രവർത്തനം നടത്തി ശ്രദ്ധേയനാണ്. വാർഡിലെ കുടുംബശ്രീയെ പരിപോഷിപ്പിച്ച് കൂടുതൽ യൂണിറ്റുകളും അംഗങ്ങളും ഉള്ള കുടുംബശ്രീ വാർഡ് എന്ന അംഗീകാരം നേടി സ്ത്രീ ശാക്തീകരണ രംഗത്ത് നല്ല പ്രവർത്തനം കാഴ്ച വെച്ചു. സാമ്പത്തിക ശേഷിയും മറ്റു കാരണങ്ങളാലും വിമാന യാത്ര എന്ന സ്വപ്നം സഫലീകരിക്കാൻ സാധിക്കാത്ത വാർഡിലെ വയോധികരടക്കം നൂറോളം പേർക്ക് സാമ്പത്തികമായി സഹായിച്ച് കൊണ്ട് വിമാനയാത്ര സംഘടിപ്പിച്ച് മാതൃകയായി. കലാ-കായിക രംഗത്ത് മികവുകൾ ഉണ്ടായിട്ടും കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ലഭിക്കാത്ത സ്ത്രീകൾക്ക് കുടുംബ ശ്രീയുടെ സഹകരണത്തോടെ തുടർച്ചയായ അഞ്ച് വർഷവും കലോൽസങ്ങൾ നടത്തി സ്ത്രീ സമൂഹത്തെ മുഖ്യ ധാരിയിലേക്ക് കൊണ്ടു വന്നു. വാർഡിലെ പ്രീ പ്രൈമറി വിദ്യാഭ്യാസത്തെ പ്രോൽസാഹിപ്പിക്കുന്നതിന് വാർഡിലെ അങ്കണവാടിയെ സ്മാർട്ട് അങ്കണവാടിയാക്കി . ഇത് പഞ്ചായത്തിലെ ആദ്യത്തെ സ്മാർട്ട് അങ്കണവാടിയാണ്. ഏറ്റവും കൂടുതൽ വിധവകൾക്കും വയോധികർക്കും മറ്റു വ്യക്തിഗത ആനുകൂല്യങ്ങൾ നേടി കൊടുക്കുന്നതിലും സ്വന്തം വാർഡിനെ ഉയർത്തി കൊണ്ടുവന്നു റഫീഖ്.
മുൻ തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാനും ലോക കേരള സഭാംഗവുമായ കെ.പി.മുഹമ്മദ് കുട്ടി, കാലിക്കറ്റ് യൂണിവേഴ്സിറ്റി കായിക വിഭാഗം ഡയറക്ടർ ഡോ: വി.പി.സക്കീർ ഹുസൈൻ, പി.എസ്.എം.ഒ കോളേജ് പ്രിൻസിപ്പൽ ഡോ:ജംഷീദ് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. ജൂൺ 27 ന് തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജിൽ വെച്ച് നടക്കുന്ന ഭിന്നശേഷി സംഗമത്തിൽ വെച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ: എൻ.ശംസുദ്ധീൻ പുരസ്കാരം നൽകും . പി.എം.എ. സമീർ എം.എൽ.എ , ടി.വി. ഇബാഹിം എം.എൽ.എ , കോളേജ് മാനേജർ എം.കെ. ബാവ, മലപ്പുറം എ.ഡി.എം. പി.ഒ. സാദിഖ് തുടങ്ങി പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.

Post a Comment
Thanks