തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശവകുപ്പ് വാർഡുകളുടെ പുനർവിഭജനത്തിന്റെ അടിസ്ഥാനത്തിലുള്ള പുതിയ വീട്ടുനമ്പറുകൾ ഉടൻ ലഭ്യമാകും. കെ-സ്മാർട്ട് സോഫ്റ്റ്‌വേറിന്റെ സഹായത്തോടെ വീട്ടുനമ്പറുകൾ ഡിജിറ്റലായി നൽകുന്ന നടപടികൾ ഇതിനകം ആരംഭിച്ചുകഴിഞ്ഞു.
ഒരു മാസത്തിനകം സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പുതിയ വീട്ടുനമ്പർ പ്രകാരം നികുതിയടയ്ക്കുന്നതടക്കമുള്ള വിവിധ ജനസേവനങ്ങൾ ലഭ്യമായിത്തുടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം.
വാർഡ് പുനർവിഭജന നടപടികൾ മുൻപ് പൂർത്തിയായെങ്കിലും പുതിയ വീട്ടുനമ്പറുകൾ അനുവദിക്കുന്നത് വൈകിയിരുന്നു. എന്നാൽ ഇപ്പോൾ പ്രത്യേക സോഫ്റ്റ്‌വേറിന്റെ സഹായത്തോടെ പഴയ നമ്പറുകൾ പോർട്ട് ചെയ്താണ് കെ-സ്മാർട്ടിൽ പുതിയ വീട്ടുനമ്പറുകളായി ഉൾപ്പെടുത്തിയിട്ടുള്ളത്.
പരീക്ഷണാർത്ഥം ചില പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളിലും പുതിയ വീട്ടുനമ്പർ ഡിജിറ്റലായി വിജയകരമായി അനുവദിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് മറ്റ് പഞ്ചായത്തുകളിലും പുതിയ നമ്പറുകൾ അനുവദിക്കാൻ നിലവിൽ നിർദ്ദേശം നൽകിയിട്ടുള്ളത്.
പുതിയതായി വീട് നിർമിക്കുന്നവർക്കും തൊട്ടടുത്ത വീടിന്റെ നമ്പരിന്റെ തുടർച്ചയായുള്ള വീട്ടുനമ്പർ തന്നെ ഇനിമുതൽ ലഭ്യമാകും.
അതേസമയം, കെ-സ്മാർട്ടിൽ പുതിയ നമ്പർ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ചില സാങ്കേതിക പ്രശ്നങ്ങളുള്ളതായി വിവിധ പഞ്ചായത്തുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. വിവരങ്ങൾ കൃത്യമായി ക്രമീകരിച്ചിട്ടും കെ-സ്മാർട്ടിലെ സിറ്റിസൺ ലോഗിനിൽ പുതിയ കെട്ടിടങ്ങൾക്ക് നമ്പർ ലഭിക്കുന്നതിനായി പുതിയ വാർഡ് പ്രകാരം അപേക്ഷിക്കാൻ സാധിക്കുന്നില്ലെന്നാണ് പ്രധാന പരാതി.
ഇങ്ങനെയുള്ളവർക്ക് പുതിയ വിവരങ്ങൾക്ക് പകരം പഴയ വിവരങ്ങളാണ് പോർട്ടലിൽ ലഭ്യമാകുന്നത്. എന്നാൽ, മറ്റ് അപേക്ഷകളെല്ലാം പുതിയ നമ്പർ പ്രകാരം ലഭിച്ചുതുടങ്ങിയിട്ടുണ്ട്.
മുൻവർഷങ്ങളിൽ പുതിയ നമ്പർ അനുവദിക്കുമ്പോൾ സംഭവിക്കാറുള്ള മനുഷ്യസഹജമായ പിഴവുകൾ പരിഹരിക്കാൻ സോഫ്റ്റ്‌വേറിൽ പ്രത്യേക ക്രമീകരണങ്ങൾ ഉണ്ടായിരുന്നു. കെ-സ്മാർട്ടിലും സമാനമായ തിരുത്തൽ സൗകര്യം വേണമെന്ന് തദ്ദേശസ്ഥാപനങ്ങൾ ഇപ്പോൾ ആവശ്യപ്പെടുന്നുണ്ട്.
അതേസമയം, പുതിയ നമ്പറുകൾ വീടുകളിലെ ചുമരിൽ പതിപ്പിക്കുന്ന നടപടികൾ പൂർത്തിയാക്കാൻ ഇനിയും സമയമെടുക്കും. ഇതിനായി സർക്കാരിന്റെ പ്രത്യേക ഉത്തരവും കൂടുതൽ ജീവനക്കാരുടെ സേവനവും ആവശ്യമായി വരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
إرسال تعليق
Thanks