ഒമ്പതിന് മുൻപ് ഇതരസംസ്ഥാന ബോട്ടുകൾ തീരം വിടണം; ജില്ലയിൽ സുരക്ഷയ്ക്ക് 24 മണിക്കൂർ കൺട്രോൾ റൂം തുറന്നു..!
ഈ മാസം 9 മുതൽ ആരംഭിക്കുന്ന ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളും സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തുന്നതിനായി എ.ഡി.എം യുടെ അധ്യക്ഷതയിൽ മലപ്പുറം ജില്ലയുടെ ഉന്നതതല യോഗം ചേർന്നു. ഈ മാസം ഒമ്പതാം തീയതി അർധരാത്രി മുതൽ ജൂലൈ 31 അർധരാത്രി വരെയാണ് ട്രോളിങ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
നിരോധന കാലയളവിൽ ട്രോളിങ് ബോട്ടുകൾ കടലിൽ പോകുന്നതിനും മത്സ്യബന്ധനം നടത്തുന്നതിനും കർശനമായ വിലക്കുണ്ടായിരിക്കും. ഒമ്പതാം തീയതി രാത്രി 12 മണിക്ക് മുൻപായി എല്ലാ ട്രോളിങ് ബോട്ടുകളും നിർബന്ധമായും ഹാർബറുകളിൽ പ്രവേശിക്കേണ്ടതാണ്. നിരോധനം അവസാനിക്കുന്ന ജൂലൈ 31 അർധരാത്രിക്കു ശേഷം മാത്രമേ ബോട്ടുകൾക്ക് വീണ്ടും മത്സ്യബന്ധനത്തിനായി കടലിലേക്ക് പുറപ്പെടാൻ അനുമതിയുള്ളൂ.
നിലവിൽ കേരള തീരത്ത് മത്സ്യബന്ധനം നടത്തിക്കൊണ്ടിരിക്കുന്ന ഇതരസംസ്ഥാന ബോട്ടുകൾ ഒമ്പതാം തീയതിക്ക് മുൻപ് തന്നെ നമ്മുടെ തീരം വിട്ടുപോകണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ട്രോളിങ് നിരോധന കാലയളവിൽ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന ഇൻബോർഡ് വള്ളങ്ങൾക്ക് (താങ്ങുവള്ളം) ഒരു കാരിയർ വള്ളം മാത്രമേ ഉപയോഗിക്കുവാൻ പാടുള്ളൂ. രണ്ട് വള്ളങ്ങൾ ഉപയോഗിച്ചുള്ള പെയർ ട്രോളിങ്ങോ അല്ലെങ്കിൽ ഡബിൾ നെറ്റ് ഉപയോഗിച്ചുള്ള മത്സ്യബന്ധനമോ കർശനമായി നിരോധിച്ചിട്ടുണ്ട്.
നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും. കൂടാതെ, വളർച്ചയെത്താത്ത ചെറുമത്സ്യങ്ങളെ പിടിക്കുന്നത് കടുത്ത ശിക്ഷാർഹമാണ്.
കടലിൽ പോകുന്ന എല്ലാ യാനങ്ങളിലും രജിസ്ട്രേഷൻ മാർക്ക് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന യാനങ്ങൾ മതിയായ സുരക്ഷാ ഉപകരണങ്ങളും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ലൈസൻസ്, വ്യക്തിഗത തിരിച്ചറിയൽ രേഖകൾ തുടങ്ങിയവയും കൈവശം കരുതേണ്ടതാണെന്ന് എ.ഡി.എം ഓർമ്മിപ്പിച്ചു.
മൺസൂൺ കാലത്ത് മത്സ്യത്തൊഴിലാളികൾക്ക് അടിയന്തര സേവനങ്ങളും സഹായങ്ങളും ലഭ്യമാക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കടൽ രക്ഷാപ്രവർത്തനങ്ങൾക്കായി പൊന്നാനി, താനൂർ കേന്ദ്രങ്ങളിലായി രണ്ട് അത്യാധുനിക റെസ്ക്യൂ ബോട്ടുകൾ സജ്ജമാക്കിയിട്ടുണ്ട്.
ഓരോ ബോട്ടിലും മൂന്ന് ജീവനക്കാർ ഉൾപ്പെടെയുള്ള ക്യാപ്റ്റൻമാരും, ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി എട്ട് സീ റെസ്ക്യൂ ഗാർഡുമാരും ഉണ്ടാകും. ഇതിന് പുറമെ വിവിധ ഹാർബറുകൾ കേന്ദ്രീകരിച്ച് 10 ഹാർബർ ബേസ്ഡ് റെസ്ക്യൂ ഗാർഡുമാരെയും പുതുതായി നിയമിച്ചിട്ടുണ്ട്.
അടിയന്തര സാഹചര്യങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് 0494 2667428, 0494 2666428, 9745321680 എന്നീ കൺട്രോൾ റൂം നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
إرسال تعليق
Thanks