മലബാറില്‍ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി രൂക്ഷം; 72,000-ത്തിലധികം വിദ്യാര്‍ഥികള്‍ പുറത്ത്


  മലപ്പുറം: മലബാറിലെ ഹയർ സെക്കൻഡറി സീറ്റ് ക്ഷാമം ഇത്തവണയും രൂക്ഷമായി തുടരുന്നു. കാസർഗോഡ് മുതല്‍ പാലക്കാട് വരെയുള്ള ആറ് ജില്ലകളിലായി പ്ലസ് വണ്‍ പ്രവേശനത്തിന് അർഹത നേടിയ 72,718 വിദ്യാർഥികള്‍ക്ക് സീറ്റ് ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ള മലപ്പുറം ജില്ലയാണ് പ്രതിസന്ധിയുടെ പ്രഭവകേന്ദ്രം.മലബാറിലെ ആറ് ജില്ലകളിലായി 2,43,453 വിദ്യാർഥികളാണ് പ്ലസ് വണ്ണിനായി അപേക്ഷിച്ചിരിക്കുന്നത്. എന്നാല്‍ ലഭ്യമായത് 1,70,735 സീറ്റുകള്‍ മാത്രം.


മലപ്പുറം ജില്ലയില്‍ മാത്രം 82,753 കുട്ടികള്‍ പ്രവേശനത്തിനായി അപേക്ഷ നല്‍കിയപ്പോള്‍ ആകെയുള്ളത് 57,855 സീറ്റുകള്‍ മാത്രമാണ്. ഏകദേശം കാല്‍ ലക്ഷത്തോളം (24,898) വിദ്യാർഥികള്‍ക്ക് ജില്ലയില്‍ മാത്രം പഠനാവസരം നിഷേധിക്കപ്പെടുകയാണ്.ആദ്യ അലോട്ട്മെന്റ് പൂർത്തിയായപ്പോള്‍ 1,25,968 പേർക്ക് മാത്രമാണ് പ്രവേശനം ലഭിച്ചത്. ഇനി ആകെ ബാക്കിയുള്ളത് 44,767 സീറ്റുകള്‍ മാത്രമാണ്. സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ കാലാകാലങ്ങളില്‍ നടപ്പിലാക്കാറുള്ള 'മാർജിനല്‍ ഇൻക്രീസ്' (സീറ്റ് വർധനവ്) പോലുള്ള താല്‍ക്കാലിക നടപടികള്‍ ശാശ്വത പരിഹാരമല്ലെന്നാണ് വിദ്യാർഥി-രക്ഷിതാക്കളുടെ അഭിപ്രായം.


സർക്കാർ-എയ്ഡഡ് മേഖലകളില്‍ പുതിയ ബാച്ചുകള്‍ അനുവദിക്കുകയോ സീറ്റുകള്‍ വർധിപ്പിക്കുകയോ ചെയ്യുക മാത്രമാണ് ഇതിനുള്ള ഏക പോംവഴിയെന്ന് വിദ്യാഭ്യാസ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. മലബാറിലെ വിദ്യാർഥികള്‍ നേരിടുന്ന ഈ കടുത്ത അവഗണനയ്ക്കെതിരെ അധികൃതർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും ശക്തമാവുകയാണ്.


Post a Comment

Thanks

أحدث أقدم