സംസ്ഥാനത്ത് ആകെ 5.07 ലക്ഷം കോടിയുടെ കടബാദ്ധ്യതയുണ്ടെന്ന് വ്യക്തമാക്കി യുഡിഎഫ് സർക്കാർ പുറത്തിറക്കിയ ധവളപത്രം.
രാജ്യത്തെ ഏറ്റവും താഴ്ന്ന നിരക്കുകളിലാണ് സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾക്കുള്ള മൂലധന ചെലവ്. ട്രഷറി പ്രതിസന്ധി രൂക്ഷമായി തുടരുന്നു. 2025ൽ 262 ദിവസം സർക്കാരിന്റെ ദിവസേനയുള്ള വരവ്-ചെലവ് വ്യത്യാസം നികത്താൻ RBI നൽകുന്ന താൽക്കാലിക വായ്പയെയും 84 ദിവസം ഓവർ ഡ്രാഫ്റ്റിനെയും ആശ്രയിച്ചു.
ശമ്പള, പെൻഷൻ കുടിശിക മാത്രം 48,733 കോടി രൂപയുണ്ട്. ട്രഷറിയിൽ പ്രതിസന്ധി അതിരൂക്ഷമാണെന്നും ധവളപത്രത്തിൽ പറയുന്നു. 21,000 കോടിയാണ് കിഫ്‌ബി ബാദ്ധ്യത.
പൊതുമേഖലാ സ്ഥാപന സഞ്ചിതനഷ്‌ടം 78,851 കോടിയാണ്. നഷ്‌ടത്തിൽ മുന്നിൽ കെഎസ്‌ആർടിസിയും ജല അതോറിറ്റിയുമാണ്.
പട്ടികജാതി, പട്ടികവർഗം, പിന്നാക്ക വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ എന്നിവർക്കുള്ള പദ്ധതിവിഹിതം കഴിഞ്ഞ വർഷങ്ങളിൽ ഗണ്യമായി കുറഞ്ഞു. സംസ്ഥാനത്തിന്റെ നികുതി വരുമാനവും കേന്ദ്ര സഹായവും പ്രതീക്ഷിച്ചതിലും കുറവായതിനാൽ സാമ്പത്തിക സമ്മർദ്ദം വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
വരുമാനത്തിന്രെ 77 ശതമാനവും നിർബന്ധിത ചെലവിനാണ്. ദൈനംദിന ചെലവുകൾക്ക് പണമില്ലെന്നും ധവളപത്രത്തിൽ പറയുന്നു. കഴിഞ്ഞ മേയ് 16 വരെ ട്രഷറി നീക്കിയിരിപ്പ് 2,211 കോടിയാണ്.
കേരളത്തിന്റെ ധനകാര്യ സ്ഥിതി മെച്ചപ്പെടാൻ ദീർഘകാല പരിഹാരമായി സ്വകാര്യ നിക്ഷേപം, വ്യവസായ വികസനം, തൊഴിലവസര സൃഷ്ടി, അടിസ്ഥാനസൗകര്യ വികസനം എന്നിവ പ്രോത്സാഹിപ്പിക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. സാമ്പത്തിക അച്ചടക്കവും സുതാര്യതയും ഉറപ്പാക്കാതെ സംസ്ഥാനത്തിന്റെ വികസന ലക്ഷ്യങ്ങൾ കൈവരിക്കാനാകില്ലെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
ധവളപത്രം മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയുടെ മേശപ്പുറത്ത് വച്ചപ്പോൾ വിയോജന പ്രമേയവുമായി മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ രംഗത്തെത്തി. നിയമസഭയുടെ നടപടികൾ പാലിച്ചില്ലെന്നും ധവളപത്രം തയ്യാറാക്കേണ്ടത് ധനവകുപ്പാണെന്നും പ്രതിപക്ഷം ആരോപിച്ചു. സത്യപ്രതിജ്ഞാ ലംഘനമാണിതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. എന്നാൽ, പ്രതിപക്ഷത്തിന്റെ ആരോപണം മുഖ്യമന്ത്രി തള്ളി. നടപടിക്രമങ്ങൾ ലംഘിച്ചിട്ടില്ലെന്നും ധവളപത്രം തയ്യാറാക്കിയത് ധനവകുപ്പിന്റെ നേതൃത്വത്തിലാണെന്നും മുഖ്യമന്ത്രി മറുപടി നൽകി. ഒരു രഹസ്യരേഖയും ആർക്കും കൈമാറിയിട്ടില്ലെന്നും കെട്ടിപ്പൊക്കിയ മിഥ്യകൾ ജനങ്ങൾ അറിയട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഇത് രാഷ്‌ട്രീയ രേഖയല്ല, ഭാവി കേരളത്തിനായുള്ള അടിസ്ഥാന രേഖയാണ്. കാണുംമുമ്പ് രാഷ്‌ട്രീയ രേഖയെന്ന് എങ്ങനെ കുറ്റപ്പെടുത്തുമെന്നും വി ഡി സതീശൻ ചോദിച്ചു.
إرسال تعليق
Thanks