ടിക്കറ്റില്ലാതെ ട്രെയിൻ യാത്ര: നടപടി കടുപ്പിച്ച് റെയിൽവെ, മിനിമം പിഴ 500 രൂപയാക്കി


ദില്ലി: ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്യുന്നവരിൽ നിന്ന് ഈടാക്കുന്ന പിഴ ഉയർത്തി റെയിൽവെ. കുറഞ്ഞ പിഴ 250 രൂപയിൽ നിന്ന് 500 ആക്കി ഉയർത്തി. ടിക്കറ്റ് എടുക്കാതെയുള്ള യാത്രകള്‍ പൂര്‍ണ്ണമായി തടയുന്നതിനാണ് ഈ കടുത്ത നടപടിയെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. യാത്ര പുറപ്പെടുന്നതിന് മുന്‍പ് തന്നെ യാത്രക്കാര്‍ കൃത്യമായ ടിക്കറ്റ് എടുക്കണം. ടിക്കറ്റില്ലാത്ത യാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ അടിയന്തര ഇടപെടലെന്നും റെയിൽവെ അറിയിച്ചു.


സെന്‍ട്രല്‍ റെയില്‍വേ സോണില്‍ മാത്രം കഴിഞ്ഞ മെയ് മാസത്തില്‍ 4.96 ലക്ഷം ടിക്കറ്റില്ലാ യാത്രക്കാരെയാണ് പിടികൂടിയത്. ഇവരില്‍ നിന്നായി റെയില്‍വേ ഈ ഒരൊറ്റ മാസം കൊണ്ട് മാത്രം 40.85 കോടി രൂപയാണ് പിഴയായി ഈടാക്കിയത്. വലിയ രീതിയിലുള്ള വരുമാന നഷ്ടവും യാത്രക്കാരുടെ തിരക്കും നിയന്ത്രിക്കാന്‍ കടുത്ത പിഴ ആവശ്യമാണെന്ന നിലപാടിലാണ് റെയിൽവെ.


1989-ലെ റെയിൽവേ നിയമത്തിലെ 137, 138 വകുപ്പുകൾക്ക് കീഴിലുള്ള കുറഞ്ഞ പിഴത്തുകയാണ് വർദ്ധിപ്പിച്ചത്. റെയിൽവേ നിയമങ്ങളിൽ വരുത്തിയ ഭേദഗതികൾ ഉൾക്കൊള്ളുന്ന പ്രത്യേക ഗസറ്റ് വിജ്ഞാപനം ജൂൺ 19-നാണ് മന്ത്രാലയം പുറപ്പെടുവിച്ചത്. യാത്രക്കാര്‍ ടിക്കറ്റുകള്‍ കൈവശം വെക്കണമെന്നും ശിക്ഷാനടപടികള്‍ ഒഴിവാക്കാന്‍ റെയില്‍വേ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഔദ്യോഗിക അറിയിപ്പില്‍ വ്യക്തമാക്കുന്നു. പിഴ തുക ഇരട്ടിയാക്കിയത് വഴി, ടിക്കറ്റെടുക്കാതെ ട്രെയിനുകളില്‍ കയറുന്ന പ്രവണതയ്ക്ക് വലിയൊരു പരിധി വരെ തടയിടാനാകുമെന്നാണ് റെയില്‍വേ കരുതുന്നത്.

Post a Comment

Thanks

أحدث أقدم