യൂണിഫോം മാറി, ബൈക്കിൽ കടന്നു; താമരശ്ശേരിയിൽ കാണാതായ 3 വിദ്യാർഥികളെയും കണ്ടെത്തി


കോഴിക്കോട് |   താമരശ്ശേരിയിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ മൂന്നു വിദ്യാർഥികളെയും വയനാട്ടിൽ നിന്ന് കണ്ടെത്തി. വ്യാഴാഴ്ച മുതൽ കാണാതായ പത്താം ക്ലാസ് വിദ്യാർഥിനിയെയും(15) പ്ലസ് ടു വിദ്യാർഥിയായ കൂട്ടുകാരനെയും(17) ഇയാളുടെ സുഹൃത്തും അടുത്തിടെ പ്ലസ് വൺ പ്രവേശനം ലഭിച്ച വിദ്യാർഥിയെയുമാണ്(15) കണ്ടെത്തിയത്.


ഇവർ വയനാട് വടുവൻചാലിലെ ചിത്രഗിരിയിൽ എത്തിയതായി സൂചന ലഭിച്ചതിനെ തുടർന്ന് പൊലീസും രക്ഷിതാക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തിലാണ് വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെ ഒരു വിദ്യാർഥിയെ ചിത്രഗിരി സ്കൂളിനു സമീപം കാടുമൂടിയ പ്രദേശത്ത് ചില നാട്ടുകാർ കണ്ടെത്തി പൊലീസിന് കൈമാറിയത്. പ്ലസ്‌വൺ പ്രവേശനം ലഭിച്ച പതിനഞ്ചു വയസ്സുകാരനെയാണ് ആദ്യം കണ്ടെത്തിയത്.


പൊലീസ് എത്തുന്നത് അറി‍ഞ്ഞ് മറ്റ് രണ്ട് കുട്ടികളും അവിടെ നിന്ന് സ്കൂട്ടറിൽ കടന്നുകളഞ്ഞു. തുടർന്ന് താമരശ്ശേരി, മേപ്പാടി പൊലീസും രക്ഷിതാക്കളും രാത്രി വൈകി തിരച്ചിൽ നടത്തുന്നതിനിടെ നാട്ടുകാരിൽ ചിലർ ഇവരെ സ്കൂട്ടറിൽ പോകുന്നത് കണ്ടെത്തി. പിന്നാലെ നാട്ടുകാർ വാഹനങ്ങളിൽ പിന്തുടർന്ന് പാടി വയലിനു സമീപം വച്ച് പിടികൂടി പൊലീസിന് കൈമാറി. കുട്ടികളെ തുടർനടപടികൾക്കായി മേപ്പാടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.


കാട്ടിലെ അഞ്ചേക്കർ കുന്ന് ഭാഗത്ത് വ്യാഴാഴ്ച രാത്രി കുട്ടികൾ ടാർപായയും അരിയും ബ്രഡും കത്തിയും പാത്രങ്ങളും മറ്റും എത്തിച്ച് രാത്രി തങ്ങിയെന്ന വിവരം ലഭിച്ചതോടെ പൊലീസ് ഈ ഭാഗത്ത് തിരച്ചിലിന് എത്തിയതാണ് അന്വേഷണത്തിൽ നിർണായകമായത്. കുട്ടികൾ ഈ പ്രദേശത്ത് ഉള്ള വിവരം പൊലീസിൽ നിന്ന് അറിഞ്ഞ നാട്ടുകാരും സജീവമായി തിരച്ചിലിൽ പങ്കാളികളായി. ഇതിനിടെയാണ് മൂന്നു കുട്ടികളും രണ്ടു ഇരുചക്രവാഹനങ്ങളിലായി പോകുന്നത് നാട്ടുകാർ കണ്ടതും ഇവരെ പിന്തുടർന്ന് പിടികൂടാൻ സാഹചര്യം ഒരുങ്ങിയതും.


              പത്താം ക്ലാസുകാരിയെ കാണാതായ പരാതിയാണ് വ്യാഴാഴ്ച ആദ്യം പൊലീസ് സ്റ്റേഷനിലെത്തിയത്. പെൺകുട്ടി പതിവുപോലെ സ്കൂളിലേക്കെന്നു പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. ക്ലാസ് തുടങ്ങിയിട്ടും പെൺകുട്ടിയെ കാണാതായതോടെ അധ്യാപിക വീട്ടിൽ വിളിച്ച് അന്വേഷിച്ചു. അതോടെയാണ് കുട്ടിയെ കാണാതായ വിവരം പുറത്തായത്. തുടർന്ന് നടത്തിയ തിരച്ചിലിൽ പെൺകുട്ടിയുടെ യൂണിഫോം സ്കൂളിനു സമീപത്തെ റബർ തോട്ടത്തിനു ചേർന്നുള്ള പറമ്പിൽ കണ്ടെത്തി. പിന്നീടാണു പെൺകുട്ടിയുടെ സുഹൃത്തായ ഇതേ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയെയും കൂടി കാണാതായെന്ന വിവരം പുറത്തു വന്നത്. ഇയാളുടെ ഉറ്റ സുഹൃത്തിനെയും ഇരുവരുടെയും ഇരുചക്രവാഹനങ്ങളും സഹിതമാണു കാണാതായത്. തുടർന്ന് മൂന്നു പേരുടെയും മാതാപിതാക്കൾ പരാതിയിൽ താമരശ്ശേരി പൊലീസ് വെവ്വേറെ കേസുകൾ എടുത്ത് തിരച്ചിൽ ആരംഭിക്കുകയായിരുന്നു.


           മൂവരും സ്കൂളിനു സമീപത്തെ ഒരു പറമ്പിൽ നിൽക്കുന്നതു സമീപത്തെ റബർ തോട്ടത്തിലെ തൊഴിലാളി കണ്ടിരുന്നു. അസ്വാഭാവികമായി നിന്ന മൂവരെയും ശ്രദ്ധിച്ച ഇദ്ദേഹം ഇവരുടെ ചിത്രം പകർത്തി. കുട്ടികളെ കാണാതായെന്ന വിവരം പുറത്തായതോടെ ഈ ചിത്രം ഇദ്ദേഹം സ്കൂൾ അധികൃതർക്ക് കൈമാറി. ഇതിൽ നിന്നാണ് പെൺകുട്ടിയുടെ ഒപ്പമുള്ള രണ്ടു വിദ്യാർഥികളുടെ വിവരം ലഭിച്ചത്. ഇരുചക്രവാഹനങ്ങളുടെ നമ്പറും സിസിടിവിയിൽ നിന്ന് പൊലീസിനു ലഭിച്ചു.


          പെൺകുട്ടിയും കൂട്ടുകാരനും ഒരു ബൈക്കിലും സുഹൃത്ത് ഒരു സ്കൂട്ടറിലുമായി താമരശ്ശേരിയിലൂടെ കടന്നു പോകുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറകളിൽ പതിഞ്ഞിരുന്നു. ഇരുചക്രവാഹനങ്ങൾ ലക്കിടി ചുരം കടന്നു പോയതായി പൊലീസിന്റെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിലും സ്ഥിരീകരിച്ചു. ബത്തേരി –മുത്തങ്ങ വഴി ഇവർ കർണാടകയിലേക്ക് പോയതായാണ് ആദ്യം പൊലീസിനു സൂചന ലഭിച്ചത്. തുടർന്ന് നടത്തിയ തിരച്ചിലിനിടെയാണ് ഇവർ വടുവൻചാലിലെ ചിത്രഗിരിയിൽ എത്തിയതായുള്ള വിവരം ലഭിച്ചത്.


           കാണാതായവരിൽ ഒരാളുടെ 18,000 രൂപ വരുന്ന സ്മാർട്ഫോൺ 10,000 രൂപയ്ക്ക് താമരശ്ശേരിയിലെ ഒരു കടയിൽ വിറ്റതായും പൊലീസ് കണ്ടെത്തി. ഈ ഫോൺ വിറ്റ ശേഷം മറ്റു രണ്ടു പേരുടെയും പക്കലുള്ള ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് ഡിജിറ്റൽ തെളിവുകൾ ഒഴിവാക്കി ഇവർ സഞ്ചരിച്ചതും പൊലീസിനെ വലച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെയും കർണാടക പൊലീസുമായി ബന്ധപ്പെട്ടും നടത്തിയ തിരച്ചിലിനൊടുവിലാണ് കാണാതായ മൂന്നു കുട്ടികളെയും വയനാട്ടിൽ നിന്ന് നാട്ടുകാരുടെ സഹായത്തോടെ കണ്ടെത്താനായത്.


Post a Comment

Thanks

أحدث أقدم