പ്രിയദർശിനി സൗജന്യ യാത്ര തിരിച്ചടി; 200ഓളം സ്വകാര്യ ബസുകൾ സർവീസ് നിർത്താനൊരുങ്ങുന്നു


തൃശൂർ: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസുകൾ മൂലമുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് തൃശൂർ ജില്ലയിലെ 200ഓളം സ്വകാര്യ ബസുകൾ സർവീസ് അവസാനിപ്പിക്കാൻ ഒരുങ്ങുന്നു. നികുതി ഇളവ് ലഭിക്കുന്നതിനായി ജൂലൈ 1 മുതൽ ‘ജി ഫോം’ സമർപ്പിക്കാനാണ് ബസുടമകളുടെ തീരുമാനം.


ജൂൺ 30-ന് നിലവിലെ ക്വാർട്ടർ ടാക്സ് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ അടിയന്തര നടപടിയായാണ് ഈ നീക്കമെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ജില്ലാ നേതൃത്വം അറിയിച്ചു. പത്തോളം ബസുകൾ ഇതിനകം തന്നെ ജി ഫോം സമർപ്പിച്ചിട്ടുണ്ട്.


തൃശൂരിൽ നിന്ന് പാലക്കാട്, ഗോവിന്ദാപുരം, കൊഴിഞ്ഞാമ്പാറ, ചാലക്കുടി–മാള, കൊടുങ്ങല്ലൂർ–മാള, ഗുരുവായൂർ–എറണാകുളം തുടങ്ങിയ പ്രധാന റൂട്ടുകളിലോടുന്ന ബസുകളാണ് സർവീസ് നിർത്താനൊരുങ്ങുന്നത്.


പ്രിയദർശിനി സർവീസുകൾ വ്യാപകമായതോടെ സ്വകാര്യ ബസുകളുടെ വരുമാനത്തിൽ ഏകദേശം 50 ശതമാനം വരെ ഇടിവുണ്ടായെന്നാണ് ബസുടമകളുടെ ആരോപണം. നേരിട്ട് സൗജന്യ സർവീസ് ഇല്ലാത്ത റൂട്ടുകളിലും കണക്‌ഷൻ ബസുകൾ ഉപയോഗിച്ച് യാത്രക്കാർ സൗജന്യയാത്ര തിരഞ്ഞെടുക്കുന്നതും സ്വകാര്യ ബസുകൾക്ക് തിരിച്ചടിയായിട്ടുണ്ട്.


ഡീസൽ വില വർധനയും പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. ഇതോടെ ജീവനക്കാരുടെ ശമ്പളം നൽകുന്നതിലും ബസുടമകൾ ബുദ്ധിമുട്ട് നേരിടുകയാണ്. സർക്കാർ തലത്തിൽ നടന്ന ചർച്ചകളിലും അനുകൂല തീരുമാനമൊന്നും ഉണ്ടായിട്ടില്ലെന്നാണ് സംഘടനയുടെ പരാതി.


കൂട്ടത്തോടെ സ്വകാര്യ ബസുകൾ സർവീസ് നിർത്തിയാൽ വരും ദിവസങ്ങളിൽ ജില്ലയിലെ പൊതുഗതാഗത രംഗത്ത് വലിയ യാത്രാക്ലേശം ഉണ്ടാകുമെന്ന ആശങ്ക ഉയരുന്നുണ്ട്..

Post a Comment

Thanks

أحدث أقدم